പ്രതിരോധ മേഖലയിൽ സ്വയം പര്യാപ്തത; ഇറക്കുമതി നിരോധിക്കും,വൻ ആയുധങ്ങളടക്കം രാജ്യത്ത് തന്നെ നിർമിക്കുമെന്ന് രാജ്‌നാഥ് സിംഗ്

പ്രതിരോധ മേഖലയിൽ സ്വയം പര്യാപ്തത; ഇറക്കുമതി നിരോധിക്കും,വൻ ആയുധങ്ങളടക്കം രാജ്യത്ത് തന്നെ നിർമിക്കുമെന്ന് രാജ്‌നാഥ് സിംഗ്

പ്രതിരോധ മേഖലയിൽ സ്വയംപര്യാപത ഉറപ്പാക്കാനുള്ള പ്രഖ്യാപനവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പ്രതിരോധ മേഖലയിൽ വേണ്ട വൻ ആയുധങ്ങൾ ഉൾപ്പെടെയുള്ളവ രാജ്യത്ത് തന്നെ നിർമിക്കുമെന്ന് രാജ്‌നാഥ് സിംഗ് അറിയിച്ചു.

101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതി ഇന്ത്യ നിരോധിക്കും. നാല് ലക്ഷം കോടി രൂപയുടെ ഉത്പന്നങ്ങൾ രാജ്യത്ത് തന്നെ നിർമിക്കും. ആത്മനിർഭർ ഭാരത് എന്ന വിശാല പദ്ധതിയുടെ ഭാഗമായിട്ടാണ് നടപടി.

ഇറക്കുമതി നിരോധിക്കുന്ന പ്രതിരോധ ഉത്പന്നങ്ങൾ ഏതെല്ലാമെന്ന് പിന്നീട് അറിയിക്കും. സായുധ പോരാട്ട വാഹനങ്ങൾ, റഡാറുകൾ, അത്യാധുനിക തോക്കുകൾ തുടങ്ങിയവ രാജ്യത്ത് തന്നെ നിർമിക്കാനാണ് ലക്ഷ്യം.

സുപ്രധാന പ്രതിരോധ വസ്തുക്കളും ആയുധങ്ങളും വിദേശ രാജ്യങ്ങളെ ആശ്രയിക്കാതെ രാജ്യത്ത് തന്നെ നിർമിക്കാനുള്ള അവസരമാണ് പ്രതിരോധ വകുപ്പിന് വന്നിരിക്കുന്നതെന്ന് രാജ്‌നാഥ് സിംഗ് അവകാശപ്പെട്ടു. പൊതു സ്വകാര്യ കമ്പനികളുമായും സായുധ സേനാ തലവൻമാരുമായും ചർച്ച നടത്തി.

2015 ഏപ്രിൽ മുതൽ 2020 ഓഗസ്റ്റ് വരെ മൂന്നര ലക്ഷം കോടി രൂപയുടെ പ്രതിരോധ സാമഗ്രികളാണ് ഇന്ത്യ വാങ്ങിയത്. അടുത്ത ഏഴ് വർഷങ്ങൾക്കുള്ളിൽ നാല് ലക്ഷം കോടിയുടെ പ്രതിരോധ കരാറുകൾ ആവശ്യമായി വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. ഈ പണം രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ തന്നെ പ്രതിഫലിപ്പിക്കുക എന്നതാണ് ലക്ഷ്യം.

Share this story