ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കാന്‍ പതഞ്‌ജലി രംഗത്ത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കാന്‍ പതഞ്‌ജലി രംഗത്ത്

ന്യൂഡല്‍ഹി: IPL ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പില്‍ നിന്നും ചൈനീസ് കമ്പനിയായ വിവോ പിന്മാറിയതിന് പിന്നാലെയാണ് യോഗാ ഗുരു ബാബാ രാംദേവിന്‍റെ പതഞ്‌ജലി IPL ഏറ്റെടുക്കാന്‍ ഒരുങ്ങുകയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

IPL ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും ആഗോള തലത്തില്‍ പതഞ്‌ജലി ഉത്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാന്‍ ഇത് അവസരമൊരുക്കുമെന്നും പതഞ്‌ജലി ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. ഇത് സംബന്ധിച്ച കാര്യങ്ങള്‍ പരിഗണിക്കുന്നതിന് BCCIക്ക് മുന്നില്‍ പ്രൊപ്പോസല്‍ അവതരിപ്പിക്കുമെന്നും പതഞ്‌ജലി വ്യക്തമാക്കിയിട്ടുണ്ട്.

ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പില്‍ നിന്നും പിന്മാറുന്ന വിവരം ഓഗസ്റ്റ് ആറിനാണ് വിവോ BCCIയെ അറിയിച്ചത്. ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പിനായി ഏകദേശം 440 കോടി രൂപയാണ് വിവോ നല്‍കിയിരുന്നത്. വിവോയുമായി അഞ്ചു വര്‍ഷത്തേക്കുള്ള കരാറിലാണ് BCCI ഏര്‍പ്പെട്ടിരിക്കുന്നത്.2018ലാണ് കരാര്‍ ഒപ്പുവച്ചത്.

വിവോ നല്‍കിയിരുന്ന തുക നല്‍കാന്‍ പതഞ്‌ജലിക്കാകുമോ എന്നാ കാര്യത്തിലാണ് ഇപ്പോള്‍ സംശയം നിലനില്‍ക്കുന്നത്. അതുക്കൊണ്ട് തന്നെ സ്പോണ്‍സര്‍ഷിപ്പ് തുകയില്‍ അന്‍പത് ശതമാനം കുറവ് വരുത്തുന്ന കാര്യവും BCCIയുടെ പരിഗണനയിലാണ്. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയതാ വാദം ഉയര്‍ന്നതോടെയാണ് IPL ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പില്‍ നിന്നും വിവോ പിന്മാറിയത്.

ഇതിനിടെ, റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിനെ സ്പോണ്‍സര്‍ഷിപ്പിനായി BCCI ബന്ധപ്പെട്ടെങ്കിലും ഇപ്പോള്‍ താല്‍പര്യമില്ല എന്ന മറുപടിയാണ്‌ ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇത് കൂടാതെ, ആമസോണ്‍, ബൈജൂസ് ആപ്, ഡ്രീം 11, പേടിഎം, ടാറ്റാ മോട്ടോഴ്സ് എന്നീ കമ്പനികളെയും സ്പോണ്‍സര്‍ഷിപ്പിനായി BCCI സമീപിച്ചതായാണ് റിപ്പോര്‍ട്ട്.

Share this story