2021 മുതൽ ഇന്ത്യക്കാർക്ക്​ ഇ-പാസ്​പോർട്ടുകൾ മാത്രമെന്ന്​ കേന്ദ്രം

2021 മുതൽ ഇന്ത്യക്കാർക്ക്​ ഇ-പാസ്​പോർട്ടുകൾ മാത്രമെന്ന്​ കേന്ദ്രം

ഡല്‍ഹി: പ്രിന്‍റ്​ ചെയ്​ത ബുക്​ലറ്റ്​ പാസ്​പോര്‍ട്ടുകള്‍ക്ക് പകരം​ 2021 മുതല്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക്​ ഇ-പാസ്​പോര്‍ട്ടുകള്‍ മാത്രം വിതരണം ചെയ്യുന്നതിനായുള്ള തയാറെടുപ്പിലാണ്​ കേന്ദ്രമെന്ന് റിപ്പോര്‍ട്ട്.

പദ്ധതി നടപ്പിലാക്കാനായുള്ള ​വിവര സാ​ങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി അനുയോജ്യരായ ഏജന്‍സിയെയും കേന്ദ്രം അന്വേഷിച്ച്‌​ തെരഞ്ഞെടുക്കും. ട്രയല്‍ അടിസ്ഥാനത്തില്‍ നിലവില്‍ 20,000 ഒഫീഷ്യല്‍, ഡിപ്ലോമാറ്റിക്​ ഇ-പാസ്​പോര്‍ട്ടുകള്‍ രാജ്യം വിതരണം ചെയ്​തിട്ടുണ്ട്​.

വ്യാജ പാസ്​പോര്‍ട്ടുകള്‍ തയാറാക്കുന്നത്​ തടയുന്നതിനും ഇമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനുമാണ്​ പുതിയ രീതിയിലേക്ക്​ മാറുന്നതെന്നാണ്​ വിശദീകരണം. ഇലക്‌ട്രോണിക്​ മൈക്രോപ്രൊസസര്‍ ചിപ്പുമായിട്ടാണ് ഇ-പാസ്​പോര്‍ട്ടുകള്‍​ വരാന്‍ പോകുന്നത്​. അന്താരാഷ്​ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയായിരുക്കും പാസ്​പോര്‍​ട്ടെന്നും അധികൃതര്‍ പറയുന്നു.​

ഇ–പാസ്​പോര്‍ട്ടുകള്‍ ഇന്ത്യയിലെ 36 പാസ്​പോര്‍ട്ട്​ ഓഫീസുകളില്‍ നിന്നും വിതരണം ചെയ്യും. അതിനുള്ള സംവിധാനങ്ങള്‍ എല്ലാ ഓഫീസുകളിലും ലഭ്യമാക്കിയതിന്​ ശേഷമായിരിക്കുമത്​. മണിക്കൂറില്‍ 10,000 മുതല്‍ 20,000 വരെ ഇ-പാസ്​പോര്‍ട്ടുകള്‍ നല്‍കാനുള്ള പ്രത്യേക സംവിധാനം പാസ്​പോര്‍ട്ട്​ ഓഫീസുകളില്‍ ഒരുക്കും. പുതുതായി പാസ്​പോര്‍ട്ട്​ എടുക്കുന്നവര്‍ക്കും റീ-ഇഷ്യൂ ചെയ്യുന്നവര്‍ക്കും 2021 മുതല്‍ ഇ-പാസ്​പോര്‍ട്ടുകളായിരിക്കും നല്‍കുകയെന്നും എക്കണോമിക് ടൈംസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Share this story