ആത്മനിര്‍ഭര്‍ ഭാരത്‌ എന്ന സ്വപ്നം ഇന്നൊരു പ്രതിജ്ഞയായി മാറി: നരേന്ദ്ര മോദി

ആത്മനിര്‍ഭര്‍ ഭാരത്‌ എന്ന സ്വപ്നം ഇന്നൊരു പ്രതിജ്ഞയായി മാറി: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: കൊറോണ വൈറസ് പോരാളികള്‍ക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സേവനമാണ് പരമമായ ധര്‍മ്മമെന്ന മന്ത്രം ഉച്ചരിച്ചുക്കൊണ്ടാണ് കൊവിഡ് പോരാളികള്‍ രാജ്യത്തെ ജനങ്ങളെ സേവിക്കുന്നതെന്നും മോദി പറഞ്ഞു. കാഠിന്യമേറിയ സാഹചര്യത്തില്‍ കൂടിയാണ് രാജ്യം കടന്നുപോകുന്നതെന്നും ചെങ്കോട്ടയ്ക്ക് മുന്‍പില്‍ കുട്ടികളെ കാണാന്‍ സാധിക്കുന്നില്ലെന്നും കൊറോണ എല്ലാം തടഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പുറമേ രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി നിലകൊള്ളുന്ന സൈനിക-അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ക്കും മോദി നന്ദിയറിയിച്ചു. ആത്മനിര്‍ഭര്‍ ഭാരത്‌ എന്ന സ്വപ്നം ഇന്നൊരു പ്രതിജ്ഞയായി മാറിയെന്നും 130 കോടി വരുന്ന ഇന്ത്യക്കാരുടെ മന്ത്രമായി അത് മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കാര്‍ ആ സ്വപ്നം സാക്ഷാത്കരിക്കുമെന്ന വിശ്വാസം തനിക്കുണ്ടെന്നും എന്തെങ്കിലും ചെയ്യണമെന്നും തീരുമാനിച്ചാല്‍ അത് പൂര്‍ത്തിയാക്കുന്നത് വരെ വിശ്രമിക്കുന്നവരല്ല ഇന്ത്യക്കാരെന്നും മോദി പറഞ്ഞു. നിരവധി വെല്ലുവിളികള്‍ ആത്മനിര്‍ഭര്‍ ഭാരതിനുണ്ട്. എന്നാല്‍, ലക്ഷക്കണക്കിന്‌ വെല്ലുവിളികള്‍ക്ക് കോടിക്കണക്കിന് പരിഹാരം നല്‍കുന്ന ശക്തിയും രാജ്യത്തിനുണ്ട്. -മോദി പറഞ്ഞു.

N-95 മാസ്ക്കുകള്‍, PPE കിറ്റുകള്‍ തുടങ്ങിയവ ഇറക്കുമതി ചെയ്തിരുന്ന രാജ്യമിപ്പോള്‍ മറ്റ് രാജ്യങ്ങളുടെ ആവശ്യം കൂടി ഇപ്പോള്‍ നിറവേറ്റുകയാണ്. നമ്മുടെ തദ്ദേശ ഉത്പന്നങ്ങളെ നമ്മള്‍ അഭിനന്ദിച്ചില്ലെങ്കില്‍ അവയ്ക്ക് കൂടുതല്‍ മെച്ചപ്പെടാന്‍ സാധിക്കില്ലെന്ന് മോദി പറഞ്ഞു.

ഇന്ത്യയില്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുക എന്നതിനൊപ്പം ലോകത്തിനു വേണ്ടി നിര്‍മ്മിക്കുക എന്ന മന്ത്രവുമായി നമ്മള്‍ മുന്നോട്ട് പോകണം. നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 18 ശതമാനം വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം മാത്രം രേഖപ്പെടുത്തിയിരിക്കുന്നത്. കര്‍ഷകര്‍ക്ക് മുന്‍ഗണന നല്‍കിയാണ്‌ ആത്മനിര്‍ഭര്‍ ഭാരത്‌. ഇവര്‍ക്ക് ആധുനിക സൗകര്യങ്ങള്‍ നല്‍കുന്നതിന് വേണ്ടി ഒരുലക്ഷം കോടി രൂപയുടെ ഫണ്ട് രൂപീകരിച്ചിട്ടുണ്ട് മോദി വ്യക്തമാക്കി.

Share this story