ജിഎസ്‌ടി വരുമാനം 2.35 ലക്ഷം കോടി കുറഞ്ഞു: നിര്‍മല സീതാരാമന്‍

ജിഎസ്‌ടി വരുമാനം 2.35 ലക്ഷം കോടി കുറഞ്ഞു: നിര്‍മല സീതാരാമന്‍

ഡൽഹി: കോവിഡ്‌ വ്യാപനവും അതിനെ പ്രതിരോധിക്കുന്നതിന്‌ നടപ്പാക്കിയ ലോക്ക്‌ഡൗണും കാരണം ഈ സാമ്പത്തിക വര്‍ഷം 2.35 ലക്ഷം കോടി രൂപയുടെ കുറവുണ്ടായെന്ന്‌ ധനമന്ത്രി നിര്‍മല സീതാരാമന്‍. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ജിഎസ്‌ടി കൗണ്‍സില്‍ യോഗത്തിന്‌ ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു ധനമന്ത്രി.

ഈ സാമ്പത്തിക വര്‍ഷം 1.65 ലക്ഷം കോടി രൂപ ജിഎസ്‌ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്‍ക്ക്‌ നല്‍കി. മാര്‍ച്ചില്‍ നല്‍കിയ 13806 കോടി രൂപയും ഇതില്‍ ഉള്‍പ്പെടും. 95444 കോടി രൂപയാണ്‌ ജിഎസ്‌ടി സെസ്‌ ഇനത്തില്‍ പിരിച്ചെടുത്തത്‌.
അസാധാരണമായി സ്ഥിതിയാണ്‌ നമ്മള്‍ നേരിടുന്നത്‌. ദൈവത്തിന്റെ കളികള്‍ മൂലം കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടി വന്നേക്കുമെന്ന്‌ ധനമന്ത്രി മുന്നറിയിപ്പ്‌ നല്‍കി.

കോവിഡും ലോക്കൗട്ടും മൂലം സംസ്ഥാനങ്ങള്‍ക്കുണ്ടായ നഷ്ടം പിന്നീട്‌ ചര്‍ച്ച ചെയ്യുമെന്ന്‌ ധനമന്ത്രി പറഞ്ഞു. നികുതി നഷ്ടം ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ കടമെടുക്കണമെന്നാണ്‌ കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം.

കോവിഡ്‌ മൂലം പ്രതിസന്ധിയിലായ സംസ്ഥാന സര്‍ക്കാരുകള്‍ ജിഎസ്‌ടി നഷ്ട പരിഹാരത്തിന്‌ വേണ്ടി സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെ ആയിരുന്നു കൗണ്‍സില്‍ യോഗം. എന്നാല്‍ നികുതി പിരിവ്‌ കുറഞ്ഞ സാഹചര്യത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്നാണ്‌ കേന്ദ്ര സര്‍ക്കാര്‍ നിലപാട്‌.

2017 ജൂലൈ 1ന്‌ ജിഎസ്‌ടി നിലവില്‍ വന്ന ശേഷം ആദ്യത്തെ അഞ്ച്‌ വര്‍ഷം സംസ്ഥാനങ്ങളുടെ റവന്യു നഷ്ടം കേന്ദ്രം നല്‍കണമെന്നാണ്‌ ജിഎസ്‌ടി നിയമത്തിലെ വ്യവസ്ഥ. ഇത് കൃത്യമായി നല്‍കാത്തതിനാല്‍ സംസ്ഥാനങ്ങള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.

Share this story