വിമാനത്താവളങ്ങൾ സർക്കാർ നടത്തേണ്ട: ഹർദീപ് സിങ് പുരി

വിമാനത്താവളങ്ങൾ സർക്കാർ നടത്തേണ്ട: ഹർദീപ് സിങ് പുരി

ന്യൂഡൽഹി: വിമാനത്താവളങ്ങളും വിമാന സർവീസുകളുമൊന്നും സർക്കാർ നടത്തേണ്ടതില്ലെന്നാണ് തന്‍റെ അ‍ഭിപ്രായമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. ഈ വർഷം തന്നെ എയർ ഇന്ത്യയുടെ സ്വകാര്യവത്കരണം നടത്താനാവുമെന്നു പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം. തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനിക്കു പാട്ടത്തിനു നൽകിയതിനെ കേരള സർക്കാർ എതിർക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര മന്ത്രിയുടെ ഈ അഭിപ്രായ പ്രകടനം ശ്രദ്ധേയമാകുന്നത്. നമോ ആപ്പിൽ ഒരു വിർച്വൽ മീറ്റിൽ സംസാരിക്കുകയായിരുന്നു വ്യോമയാന മന്ത്രി.

എന്‍റെ ഹൃദയം തൊട്ട് പറയട്ടെ, സർക്കാർ വിമാനത്താവളങ്ങളും വിമാനക്കമ്പനികളും നടത്താൻ പാടില്ല- പുരി പറഞ്ഞു. തിരുവനന്തപുരത്തേത് അടക്കം നൂറിലേറെ വിമാനത്താവളങ്ങൾ ഇപ്പോൾ കേന്ദ്ര സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള എയർപോർട്ട്സ് അതോറിറ്റി ഒഫ് ഇന്ത്യയാണ് നടത്തുന്നത്. കൂടുതൽ വിമാനത്താവളങ്ങൾ സമീപഭാവിയിൽ തന്നെ സ്വകാര്യ മേഖലയ്ക്കു കൈമാറുമെന്നാണു മന്ത്രിയുടെ അഭിപ്രായ പ്രകടനങ്ങൾ സൂചിപ്പിക്കുന്നത്.

എയർ ഇന്ത്യയുടെ ലേലത്തിന് ബിഡ് സമർപ്പിക്കാനുള്ള സമയപരിധി കൊവിഡ് പശ്ചാത്തലത്തിൽ ഒക്റ്റോബർ 30 വരെ നീട്ടിയിട്ടുണ്ട്. ജനുവരിയിൽ ആരംഭിച്ച ഓഹരി വിൽപ്പന ശ്രമങ്ങൾ കൊവിഡ് സാഹചര്യത്തിലാണ് നീണ്ടുപോകുന്നത്. എന്തായാലും ഈ വർഷം അവസാനത്തോടെ വിൽപ്പന നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പുരി പറഞ്ഞു. വർഷാവസാനത്തോടെ ആഭ്യന്തര വിമാന യാത്ര കൊവിഡിനു മുൻപുള്ള അവസ്ഥയിലെത്തുമെന്നും പുരി.

Share this story