മൊറട്ടോറിയം 2 വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍

മൊറട്ടോറിയം 2 വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ആര്‍ബിഐയുടെ സര്‍ക്കുലര്‍ പ്രകാരം ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം കാലാവധി രണ്ട് വര്‍ഷം കൂടി നീട്ടി നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. കാലാവധി ഇന്നലെ അവസാനിച്ച പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്. അതേസമയം, മൊറട്ടോറിയം കാലയളവില്‍ പലിശ എഴുതി തള്ളുന്നതിനെ കുറിച്ച് കേന്ദ്രം നിലപാട് ഇന്ന് അറിയിക്കണമെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു.

എന്നാല്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും, ബാങ്കുകളുടെ സംഘടനകളുടെയും തീരുമാനം ആരാഞ്ഞ് പലിശ ഒഴിവാക്കുന്ന കാര്യത്തില്‍ പിന്നീട് നിലപാട് അറിയിക്കാമെന്നാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജിഡിപി 23 ശതമാനം ഇടിഞ്ഞെന്നും സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലാണെന്നും സോളിസിറ്റര്‍ കോടതിയെ അറിയിച്ചു.

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ മൊറട്ടോറിയം കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ നേരത്തെ ധനമന്ത്രി നിര്‍മല സീതാരാമനും, ആര്‍ബിഐക്കും കത്ത് നല്‍കിയിരുന്നു. മറ്റു സംസ്ഥാനങ്ങളും ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും കേന്ദ്രം പ്രതികരിച്ചിരുന്നില്ല. മൊറട്ടോറിയം നീട്ടേണ്ടതില്ലെന്നാണു റിസർവ് ബാങ്കിന്റെ നേരത്തെയുള്ള നിലപാട്.

മാർച്ചിൽ മൂന്നുമാസത്തേക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം റിസർവ് ബാങ്ക് പിന്നീട് മൂന്നുമാസത്തേക്ക് കൂടി ദീ‍ർഘിപ്പിച്ചിരുന്നു. ഈ കാലാവധിയാണ് ഇന്നലെ അവസാനിച്ചത്. മൊറട്ടോറിയം അവസാനിക്കുന്നതോടെ ആനുകൂല്യം സ്വീകരിച്ചവർക്ക് അധികമായി ആറ് ഗഡുക്കളും അതിന്‍റെ പലിശയും അടയ്‌ക്കേണ്ടി വരുമായിരുന്നു.

Share this story