രക്തസാക്ഷിപ്പട്ടികയില്‍ നിന്ന് വാരിയംകുന്നത്തിനെ ഒഴിവാക്കി കേന്ദ്ര സർക്കാർ

രക്തസാക്ഷിപ്പട്ടികയില്‍ നിന്ന് വാരിയംകുന്നത്തിനെ ഒഴിവാക്കി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന പുസ്തകത്തിലെ സ്വാതന്ത്ര്യ സമര രക്തസാക്ഷിപ്പട്ടികയില്‍ നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടക്കമുള്ളവരുടെ വിശദാംശങ്ങള്‍ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്.

പട്ടികയിലെ അഞ്ചാം വാല്യമാണ് ഒഴിവാക്കിയത്. കേരളത്തിനു പുറമേ ആന്ധ്ര പ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ രക്തസാക്ഷികളെയാണ് ഇതില്‍ പരാമര്‍ശിച്ചിരുന്നത്.

വാരിയംകുന്നന്റെ പോരാട്ടങ്ങള്‍ക്ക് ചരിത്ര രേഖകളുടെ പിന്‍ബലമില്ലെന്നും പുസ്തക വില്‍പനയെ ബാധിക്കുന്നതിലാണ് അഞ്ചാം വാല്യം ഒഴിവാക്കിയതെന്നുമാണ് ഐ.സി.എച്ച്.ആര്‍ വിശദീകരണം. ഒന്നരകോടി രൂപയിലേറെ ചെലവാക്കി തയ്യാറാക്കിയ പുസ്തകമാണിത്. ഈ പുസ്തകം വിറ്റെങ്കില്‍ മാത്രമേ തുക തിരിച്ചുകിട്ടൂ.

വസ്തുതാപരമായ ചില തെറ്റുകള്‍ വാല്യത്തിലുണ്ടെന്ന് പരാതിയുണ്ടെന്നും അതുകൂടി പരിശോധിക്കുന്നുണ്ടെന്നും വാരിയംകുന്നത്ത് ഉള്‍പ്പടെ 360 പേരെ ഒഴിവാക്കാന്‍ നിര്‍ദേശം വെച്ചത് താനാണെന്നും ഐ.സി.എച്ച്.ആര്‍ അംഗം സി.ഐ ഐസക് പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്നും മാപ്പിള ലഹളക്കാരെ ഒഴിവാക്കണമെന്ന് സംഘപരിവാര്‍ അനുകൂലികള്‍ ആവശ്യപ്പെടുകയുണ്ടായി.

മലബാര്‍ സമരം ഹിന്ദു വിരുദ്ധമായിരുന്നെന്നും സ്വാതന്ത്ര്യ സമരവുമായി അതിന് യാതൊരു വിധ ബന്ധവുമില്ലെന്നും സംഘപരിവാര്‍ നേതാക്കളടക്കം വലിയ രീതിയില്‍ പ്രചരണങ്ങള്‍ നടത്തുന്ന സമയത്ത് തന്നെയായിരുന്നു പ്രധാനമന്ത്രി പുറത്തിറക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയില്‍ വാരിയന്‍കുന്നത്തിന്റെ പേരും ഉള്‍പ്പെട്ടത്.

മലബാര്‍ കലാപത്തില്‍ ഏര്‍പ്പെട്ടവര്‍ ഹിന്ദു വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയവരാണെന്നും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസലിയാര്‍ എന്നിവരുടെ പേരുകള്‍ ഉള്‍പ്പെട്ടത് ശരിക്കും ഞെട്ടലുളവാക്കുന്നുമെന്നുമായിരുന്നു ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല ഫേസ്ബുക്കില്‍ കുറിച്ചത്.

Share this story