ഇഐഎ: അന്തിമ വിജ്ഞാപനം ഇറക്കുന്നത് കോടതി സ്റ്റേ ചെയ്തു; കേന്ദ്ര സര്‍ക്കാര്‍ നടപടിക്കാണ് വിധി തിരിച്ചടിയായിരിക്കുന്നത്

ഇഐഎ: അന്തിമ വിജ്ഞാപനം ഇറക്കുന്നത് കോടതി സ്റ്റേ ചെയ്തു; കേന്ദ്ര സര്‍ക്കാര്‍ നടപടിക്കാണ് വിധി തിരിച്ചടിയായിരിക്കുന്നത്

ബാംഗളൂരു: പരിസ്ഥിതി ആഘാത പഠനത്തിൽ അന്തിമ വിജ്ഞാപനം പുറത്തിറക്കുന്നത് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. കരട് വിഞാപനം പുറത്തിറക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നോട്ടിസ് അയച്ചു. ഇളവുകൾ വരുത്തിയ കരട് വിഞാപനം പ്രാദേശിക ഭാഷകളിൽ പുറത്തിറക്കാത്തത് ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ് നടപടി.

പരിസ്ഥിതി നിയമത്തിന്‍റെയും സുപ്രീംകോടതി വിധികളുടെയും ലംഘനമാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ തീരുമാനമെന്ന് ചൂണ്ടിക്കാട്ടി ബെംഗളൂരു പരിസ്ഥിതി ട്രസ്റ്റും കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പരിശോധിക്കാൻ ജുഡീഷ്വൽ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. ട്രസ്റ്റിന്‍റെ ഹര്‍ജി കൂടി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

ഡിസംബറിന് മുമ്പ് അന്തിമ വിജ്ഞാപനം പുറത്തിറക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിക്കാണ് വിധി തിരിച്ചടിയായിരിക്കുന്നത്. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം നൽകുന്ന മറുപടിയുടെ അടിസ്ഥാനത്തിൽ കര്‍ണാടക ഹൈക്കോടതി കേസിൽ വിശദമായി വാദം കേൾക്കും.

Share this story