കോൺഗ്രസ്സ് ഹൈക്കമാൻഡിൽ വീണ്ടും അമർഷം പുകയുന്നു

കോൺഗ്രസ്സ് ഹൈക്കമാൻഡിൽ വീണ്ടും അമർഷം പുകയുന്നു

ഡൽഹി: പാർട്ടി നേതൃത്വത്തിന്റെ പുനഃസംഘടന സംബന്ധിച്ച് കോൺഗ്രസ്സിനകത്ത് വീണ്ടും അഭിപ്രായ ഭിന്നത. പാർട്ടിയിൽ സമൂലമായി മാറ്റം വേണമെന്നാവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് കത്തെഴുതിയ 23 മുതിർന്ന നേതാക്കളെ ഒഴിവാക്കി നാമനിർദേശത്തിലൂടെ പുതിയ എഐസിസി ഭാരവാഹികളെ നിയമിച്ച ഹൈക്കമാൻഡ് നടപടികളിൽ പാർട്ടിക്ക് അകത്ത് അമർഷം പുകയുന്നു. ഇത് മാധ്യമങ്ങളോട് മുതിർന്ന നേതാവ് കപിൽ സിബൽ തുറന്നടിച്ചു. കത്തയച്ച നേതാക്കളെല്ലാം ചേർന്ന് ഇന്നലെ യോഗം വിളിച്ചതായും നിലവിലെ സ്ഥിതിഗതികൾ ചർച്ചയായതയുമാണ് റിപ്പോർട്ട്.

അതേസമയം, പുനഃസംഘടനയിൽ എല്ലാവരെയും ഉൾക്കൊള്ളിക്കാനാണ് ശ്രമിച്ചതെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ വിശദീകരിക്കുന്നത്. യുവനേതാക്കൾക്കും കൃത്യമായി പ്രാതിനിധ്യം നൽകാൻ ശ്രദ്ധിച്ചിട്ടുണ്ട്. മുതിർന്ന നേതാക്കൾക്കും യുവനേതാക്കൾക്കുമിടയിലെ ഭിന്നത പരമാവധി പരിഹരിക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. പ്രശ്നങ്ങൾ അവസാനിപ്പിക്കാനായിരുന്നു ശ്രമമെന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

അതേസമയം, കേരളത്തിന്‍റെ ചുമതലയിൽ നിന്ന് വർക്കിംഗ് കമ്മിറ്റി അംഗമായ മുകുൾ വാസ്നികിനെ മാറ്റിയത് നേതൃത്വത്തിന്‍റെ തീരുമാനമല്ലെന്നും അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമെന്നും ഹൈക്കമാൻഡ് വിശദീകരിച്ചു. നേതൃത്വമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയവരിൽ മുകുൾ വാസ്‌നികിയുമുണ്ടായിരുന്നു.

Share this story