ആം ആദ്മി പാർട്ടി സംഘ്പരിവാറിന്റെ നിഴൽ സംഘടനയെന്ന് രാഹുൽ ഗാന്ധി

ആം ആദ്മി പാർട്ടി സംഘ്പരിവാറിന്റെ നിഴൽ സംഘടനയെന്ന് രാഹുൽ ഗാന്ധി

ഡൽഹി ഭരിക്കുന്ന ആം ആദ്മി പാർട്ടി സംഘ്പരിവാറിന്റെ നിഴൽ സംഘടനയെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആംആദ്മി പാർട്ടി, ഇന്ത്യ എഗൈൻസ്റ്റ് കറപ്ഷൻ എന്നീ സംഘടനകൾക്ക് പിന്നിൽ സംഘ്പരിവാറാണ്. ഇരു പ്രസ്ഥാനങ്ങളും ബിജെപിയുടെയും ആർ എസ് എസിന്റെയും നിഴൽ സംഘടനകളാണെന്നും രാഹുൽ ആരോപിച്ചു

ജനാധിപത്യത്തെ അട്ടിമറിച്ച് യുപിഎ സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിന് വേണ്ടിയാണ് ഈ സംഘടനകളെ ഉണ്ടാക്കിയത്. പ്രശാന്ത് ഭൂഷൺ മുമ്പ് നടത്തിയ പരാമർശം ഉദ്ധരിച്ചാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. ആം ആദ്മി സംഘ്പരിവാറിന്റെ സൃഷ്ടിയാണെന്ന് പ്രശാന്ത് ഭൂഷൺ ആരോപിച്ചിരുന്നു

കെജ്രിവാളിന് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞിരുന്നു. ആംആദ്മിയുടെ സ്ഥാപക നേതാവ് കൂടിയാണ് പ്രശാന്ത് ഭൂഷൺ. ഇക്കാര്യം തങ്ങൾക്ക് നേരത്തെ അറിയാമായിരുന്നുവെന്നും സ്ഥാപക നേതാവ് തന്നെ ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നുവെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

Share this story