പുതിയ പാര്‍ലമെന്റ് മന്ദിരം: നിര്‍മാണ കരാര്‍ ടാറ്റയ്ക്ക്; തുക 861.9 കോടി

പുതിയ പാര്‍ലമെന്റ് മന്ദിരം: നിര്‍മാണ കരാര്‍ ടാറ്റയ്ക്ക്; തുക 861.9 കോടി

പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നതിനുള്ള കരാര്‍ കേന്ദ്ര സര്‍ക്കാര്‍ ടാറ്റാ ഗ്രൂപ്പിന് നല്‍കി. 861.90 കോടി രൂപയാണ് നിര്‍മാണ കരാര്‍. 865 കോടി തുക ക്വാട്ട് ചെയ്ത ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയെക്കാള്‍ കുറഞ്ഞ നിരക്കാണ് ടാറ്റ പ്രൊജക്ട് ലിമിറ്റഡ് ക്വാട്ട് ചെയ്തതെന്ന് സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് കരാറുകള്‍ തുറന്ന് അന്തിമ തീരുമാനമെടുത്തത്.

രണ്ട് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കണം എന്നാണ് വ്യവസ്ഥ. 940 കോടി രൂപയാണ് സര്‍ക്കാര്‍ നിര്‍മാണത്തിനായി കണക്കാക്കിയിരുന്നത്. ത്രികോണാകൃതിയിലായിരിക്കും പുതിയ പാര്‍ലമെന്റ് മന്ദിരം എന്ന് കരുതുന്നു. പാര്‍ലമെന്റ് ഹൗസ് സമുച്ചയത്തില്‍ പ്ലോട്ട് നമ്പര്‍ 118ലാണ് പുതിയ മന്ദിരം പണിയുക.

നിലവിലെ പാര്‍ലമെന്റ് മന്ദിരം വൃത്താകൃതിയിലുള്ളതാണ്. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ചതാണ് ഈ കെട്ടിടം. പുതിയ മന്ദിരം വരുന്നതോടെ നിലവിലുള്ളതിനെ ദേശീയ സ്മാരകമായി മാറ്റാനാണ് തീരുമാനം. മറ്റ് ആവശ്യങ്ങള്‍ക്കും ഈ മന്ദിരം ഉപയോഗിക്കും. 1921ലാണ് ഈ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം തുടങ്ങിയത്. ആറ് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി.

കാലപ്പഴക്കവും സ്ഥല പരിമിതിയും കാരണം പുതിയ മന്ദിരം നിര്‍മിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. സര്‍ക്കാരിന്റ ചെലവ് ചുരുക്കലിന് കോണ്‍ഗ്രസ് സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ ഒന്ന് പുതിയ പാര്‍മെന്റ് മന്ദിരത്തിന്റെ നിര്‍ാണം മാറ്റിവെക്കകു എന്നായിരുന്നു. ഇത് തള്ളിയാണ് നടപടിയുമായി മുന്നോട്ടുപോകുന്നത്. രണ്ടാം മോദി സര്‍ക്കാരിന്റെ കാലാവധി തീരുന്നതിന് മുമ്പ് ത്രികോണ ആകൃതിയിലുള്ള പുതിയ കെട്ടിടം നിര്‍മ്മിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

Share this story