അയോധ്യ പള്ളി നിര്‍മ്മിക്കുന്നത് മക്കയിലെ കഅബ മാതൃകയില്‍; രൂപരേഖ വ്യക്തമാക്കി പള്ളി നിര്‍മ്മാണ ട്രസ്റ്റ്

അയോധ്യ പള്ളി നിര്‍മ്മിക്കുന്നത് മക്കയിലെ കഅബ മാതൃകയില്‍; രൂപരേഖ വ്യക്തമാക്കി പള്ളി നിര്‍മ്മാണ ട്രസ്റ്റ്

ന്യൂഡല്‍ഹി: അയോധ്യയില്‍ നിര്‍മ്മിക്കാനിരിക്കുന്ന മുസ്ലീംപള്ളി മക്കയിലെ കഅബ മാതൃകയിലായിരിക്കും നിര്‍മ്മിക്കുന്നതെന്ന് പള്ളി നിര്‍മ്മാണ ട്രസ്റ്റ്.

മറ്റുള്ള പള്ളികളുടെ രൂപമാതൃകയില്‍ നിന്ന് പൂര്‍ണമായി വ്യത്യാസമായിട്ടായിരിക്കും രൂപ കല്‍പനയെന്ന് ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ സെക്രട്ടറിയുടെ വക്താവും ആര്‍ക്കിടെക്ടുമായ അത്തര്‍ ഹുസൈന്‍ വ്യക്തമാക്കി.

ചതുരാകൃതിയില്‍ മക്കയിലെ കഅബയുടെ മാതൃകയിലായിരിക്കും അയോധ്യ പള്ളി നിര്‍മ്മിക്കുക. പരമ്പരാഗത മുഗള്‍ മാതൃകയിലായിരിക്കില്ലെന്നും വ്യത്യസ്തമായിരിക്കുമെന്നും അത്തര്‍ ഹുസൈന്‍ അറിയിച്ചു.

പുതിയ പള്ളിക്ക് മിനാരങ്ങളും താഴികക്കുടവും ഉണ്ടായിരിക്കില്ല. പുതിയതായി നിര്‍മ്മിക്കുന്ന പള്ളിക്ക് ബാബരി മസ്ജിദ് എന്ന് പേരിടില്ല. മറ്റ് ചക്രവര്‍ത്തിമാരുടെയോ രാജാക്കന്മാരുടെയോ പേരും പള്ളിക്ക് നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി നിര്‍ദേശമനുസരിച്ച് ധന്നിപുര്‍ ഗ്രാമത്തിലായിരിക്കും പള്ളി നിര്‍മ്മിക്കുക. 15,000 ചതുരശ്ര അടിയിലായിക്കും പള്ളിയുടെ നിര്‍മ്മാണം. എന്നാല്‍, ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ബാബരി മസ്ജിദിന്റെ വിസ്തീര്‍ണവും 15,000 ചതുരശ്ര അടിയായിരുന്നു.

വിശ്വാസികള്‍ക്ക് പള്ളി നിര്‍മ്മാണത്തിന് സംഭാവന നല്‍കാം. മ്യൂസിയം, ആശുപത്രി, ഗവേഷണ കേന്ദ്രം എന്നിവയും ഉള്‍പ്പെടുത്തിയായിരിക്കും കോംപ്ലക്സ്. സംഭാവന ഇതുവരെ സ്വീകരിച്ച് തുടങ്ങിയിട്ടില്ലെന്നും അത്തര്‍ ഹുസൈന്‍ പറഞ്ഞു.

Share this story