പാര്‍ലിമെന്റിന് മുമ്പില്‍ രാത്രിയിലും സമരം തുടര്‍ന്ന് സസ്‌പെന്‍ഷനിലായ എംപിമാര്‍

പാര്‍ലിമെന്റിന് മുമ്പില്‍ രാത്രിയിലും സമരം തുടര്‍ന്ന് സസ്‌പെന്‍ഷനിലായ എംപിമാര്‍

രാത്രിയിലും സമരം തുടര്‍ന്ന് രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത എംപിമാര്‍. പാര്‍ലമെന്റിലെ ഗാന്ധി പ്രതിമക്ക് സമീപമാണ് എംപിമാര്‍ സമരം ചെയ്യുന്നത്. സി പി എം നേതാക്കളായ എളമരം കരീം, കെ കെ രാഗേഷ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡറിക് ഒബ്രയാന്‍, എ എ പി അംഗം സഞ്ജയ് സിംഗ്, കോണ്‍ഗ്രസ് അംഗങ്ങളായ രാജു സതവ്, റിപുന്‍ ബോറ, ഡോല സെന്‍, സയ്യീദ് നാസിര്‍ ഹുസൈന്‍ എന്നിവരാണ് കര്‍ഷകര്‍ക്ക് വേണ്ടി സമരം ചെയ്യുമെന്ന പ്ലക്കാര്‍ഡുമായി രാത്രിയിലും സമരം തുടരുന്നത്.

കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി ഉയരുന്ന ശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമമാണിതെന്നും ഈ സസ്‌പെന്‍ഷന്‍ കര്‍ഷക സമരങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുമെന്ന് എളമരം കരീം പ്രതികരിച്ചു. സഭ സമ്മേളിക്കുന്ന എല്ലാ ദിവസവും ഗാന്ധി പ്രതിമക്ക് മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്താനാണ് പുറത്താക്കപ്പെട്ടവരുടെ തീരുമാനം. ഇവര്‍ക്ക് പിന്തുണയായി പ്രതിപക്ഷ അംഗങ്ങളും സ്ഥലത്തെത്തി. കര്‍ഷകര്‍ക്കായി ഇനിയും സംസാരിക്കുമെന്നും ഇതിനായി സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരുമന്നാണ് ഇവര്‍ പറയുന്നത്.

കാര്‍ഷിക ബില്‍ അവതരിപ്പിക്കുന്നതിനെതിരെ രാജ്യസഭയില്‍ എംപിമാര്‍ പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്നാണ് എട്ടുപേരെ സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന് ശേഷവും എംപിമാര്‍ സഭ വിട്ടു പോകാത്തതിനെതിരെ കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. കാര്‍ഷിക ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബര്‍ 24മുതല്‍ രാജ്യവ്യാപക സമരത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.

Share this story