സഹകരണ ബാങ്കും റിസര്‍വ് ബാങ്കിന്റെ കീഴിലേക്ക്

സഹകരണ ബാങ്കും റിസര്‍വ് ബാങ്കിന്റെ കീഴിലേക്ക്

ന്യൂഡല്‍ഹി: സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന്റെ മേൽനോട്ടത്തിൽ കൊണ്ടുവരാനുള്ള ബാങ്കിംഗ് റെഗുലേഷൻ ആക്ട് ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. ശബ്ദവോട്ടോടുകൂടിയാണ് ബിൽ പാസാക്കിയത്. ബിൽ പാസാക്കുന്നതിലൂടെ സഹകരണ ബാങ്കുകളുടെ പ്രൊഫഷണലിസവും ഭരണ നിർവഹണവും മെച്ചപ്പെടുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.

ബാങ്കിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സഹകരണ സംഘങ്ങൾക്ക് മാത്രമാണ് ഈ ഭേദഗതിയെന്നും കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ ബാങ്കുകളെ നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. പി.എം.സി ബാങ്ക് അഴിമതി പോലുള്ള സംഭവങ്ങള്‍ ഒഴിവാക്കി സഹകരണ ബാങ്കുകളെ ശക്തിപ്പെടുത്തലാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

സെപ്റ്റംബര്‍ 16-ന് ബില്‍ ലോക്‌സഭയും പാസാക്കിയിരുന്നു. സഹകരണ സംഘങ്ങള്‍ പിരിച്ചുവിടാന്‍ സംസ്ഥാനങ്ങളുടെ അനുമതി വേണമെന്നതുള്‍പ്പെടെ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി അവതരിപ്പിച്ച ആറ് ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളിയായിരുന്നു ലോക്സഭ ബില്ല് പാസാക്കിയത്.

Share this story