കൊവിഡ് വാക്‌സിൻ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് പുനരാരംഭിച്ചു

കൊവിഡ് വാക്‌സിൻ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് പുനരാരംഭിച്ചു

പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓക്‌സ്‌ഫോർഡ് യൂനിവേഴ്‌സിറ്റിയുടെ സഹായത്തോടെ നിർമിക്കുന്ന കൊവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുനരാരംഭിച്ചു. 200 പേർക്കാണ് വാക്‌സിൻ നൽകുന്നത്. അസ്ട്ര സെനക കമ്പനിയുമായി ഓക്‌സ്‌ഫോർഡ് ബ്രിട്ടനിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണത്തിനിടെ അജ്ഞാത രോഗ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്ത്യയിലെ പരീക്ഷണവും താത്കാലികമായി നിർത്തിവെച്ചിരുന്നു

ബ്രിട്ടനിൽ പരീക്ഷണം ഒരാഴ്ച മുമ്പ് വീണ്ടും ആരംഭിച്ചിരുന്നു. ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങൾ പരീക്ഷണത്തോട് സഹകരിക്കുന്നുണ്ട്. വാക്‌സിൻ വിജയമായാൽ വാങ്ങാൻ ഇന്ത്യയും കരാർ ഉണ്ടാക്കിയിട്ടുണ്ട്.

പരീക്ഷണം നിലച്ചതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആസ്ട്ര സെനക നേരത്തെ അറിയിച്ചിരുന്നു. പാർശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ച ശേഷം പരീക്ഷണം തുടരുമെന്നായിരുന്നു കമ്പനി നൽകിയ വിശദീകരണം.

Share this story