അനില്‍ അംബാനിക്കും കേന്ദ്രത്തിനുമെതിരെ പ്രശാന്ത് ഭൂഷണ്‍; ‘ഭാര്യയുടെ ചെലവില്‍ ജീവിക്കുന്നയാള്‍ക്ക് കോടികളുടെ റഫാല്‍ കരാര്‍’

അനില്‍ അംബാനിക്കും കേന്ദ്രത്തിനുമെതിരെ പ്രശാന്ത് ഭൂഷണ്‍; ‘ഭാര്യയുടെ ചെലവില്‍ ജീവിക്കുന്നയാള്‍ക്ക് കോടികളുടെ റഫാല്‍ കരാര്‍’

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി സര്‍ക്കാരിനെതിരെയും അനില്‍ അംബാനിക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍. ഭാര്യയുടെ ആഭരണം വിറ്റാണ് വക്കീല്‍ ഫീസ് നല്‍കുന്നതെന്നും സ്വന്തമായി ഒന്നുമില്ലെന്നും ഒരു ചെറിയ കാര്‍ മാത്രമാണുള്ളതെന്നും അനില്‍ അംബാനി ലണ്ടന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രശാന്ത് ഭൂഷണ്‍ രംഗത്ത് വന്നിരിക്കുന്നത്. വായ്പാ തുക തിരികെ കിട്ടാന്‍ ചൈനീസ് ബാങ്കുകള്‍ നല്‍കിയ കേസിലാണ് അനില്‍ അംബാനി ദുരവസ്ഥ വെളിപ്പെടുത്തിയിരിക്കുന്നത്.

‘ഭാര്യയുടെ ചെലവിലാണ് ജീവിക്കുന്നതെന്നും മകനോടു പോലും കടം വാങ്ങേണ്ട സ്ഥിതിയാണെന്നും കോടതിച്ചെലവിനു പണം കണ്ടെത്താന്‍ ആഭരണങ്ങള്‍ വില്‍ക്കേണ്ടിവന്നുവെന്നും ഒരു കാര്‍ മാത്രമാണ് സ്വന്തമായുള്ളതെന്നുമാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരായ അനില്‍ അംബാനി വ്യക്തമാക്കിയത്. 2018 ഒക്ടോബറില്‍ അമ്മയില്‍നിന്ന് അഞ്ഞൂറു കോടി കടം വാങ്ങിയെന്നും അനില്‍ അംബാനി പറഞ്ഞു’. വായ്പയുടെ വ്യവസ്ഥകള്‍ എന്തൊക്കെയെന്ന ചോദ്യത്തിന് വ്യക്തമായി അറിയില്ലെന്നായിരുന്നു അനിലിന്റെ മറുപടി.

ഈ വ്യക്തിക്കാണ് മോദി 30,000 കോടിയുടെ റഫാല്‍ ഓഫ്സെറ്റ് കരാര്‍ നല്‍കിയിരിക്കുന്നത് എന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് കൂടി പങ്കുവച്ചായിരുന്നു പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്. 35,000 കോടിയുടെ കടത്തിലായിരുന്ന അനില്‍ അംബാനി റഫാല്‍ ഇടപാടിലൂടെ 45,000 കോടി ലാഭമുണ്ടാക്കിയെന്ന് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ ആരോപിച്ചിരുന്നു. അനില്‍ അംബാനിക്ക് വേണ്ടി കേന്ദ്രം റഫാല്‍ കരാറില്‍ മാറ്റം വരുത്തിയെന്നാണ് രാഹുല്‍ ആരോപിച്ചത്. എന്നാല്‍ തനിക്ക് യാതൊരു സഹായവും കിട്ടിയിട്ടില്ലെന്നായിരുന്നു അനില്‍ അംബാനി ഇതിന് നല്‍കിയ മറുപടി.

വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് മൂന്ന് ചൈനീസ് ബാങ്കുകളാണ് അനില്‍ അംബാനിക്കെതിരെ ലണ്ടന്‍ കോടതിയെ സമീപിച്ചത്. 700 ദശലക്ഷം ഡോളറില്‍ അധികമാണ് അനില്‍ ഇവര്‍ക്ക് നല്‍കാനുള്ളത്. അനില്‍ അംബാനിയുടെ വ്യക്തിഗത ജാമ്യത്തിലായിരുന്നു ബാങ്കുകള്‍ പണം നല്‍കിയത്. പണം തിരികെ ലഭിക്കാത്തിനു പിന്നാലെയാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

അതേസമയം, ഭാര്യക്ക് ആഡംബര ബോട്ട് സമ്മാനിച്ചതിനെക്കുറിച്ച് അഭിഭാഷകര്‍ ചോദിച്ചതിന് അത് കോര്‍പ്പറേറ്റ് കമ്പനിയുടേതാണെന്നും താന്‍ ഒരിക്കലും അത് ഉപയോഗിക്കാറില്ലെന്നും അനില്‍ അംബാനി മറുപടി നല്‍കി. ലണ്ടന്‍, കലിഫോര്‍ണിയ, ബെയ്ജിങ് എന്നിവിടങ്ങളില്‍ നടത്തിയ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ അമ്മയുടേതാണെന്നും അനില്‍ അംബാനി വ്യക്തമാക്കി. അനിലിനെതിരെ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഇന്‍ഡസ്ട്രിയല്‍ കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈന, എക്സ്പോര്‍ട്ട് ഇം പോര്‍ട്ട് ബാങ്ക് ഓഫ് ചൈന, ചൈന ഡവലപ്മെന്റ് ബാങ്ക് എന്നിവര്‍ വിചാരണയ്ക്കുശേഷം അറിയിച്ചു. മൊഴിയെടുപ്പ് രഹസ്യമാക്കണമെന്ന അനില്‍ അംബാനിയുടെ ആവശ്യവും കോടതി തള്ളി.

Share this story