രാത്രി മുഴുവൻ മൃഗീയ പീഡനം: തൂത്തുക്കുടി കസ്റ്റഡി മരണത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു

രാത്രി മുഴുവൻ മൃഗീയ പീഡനം: തൂത്തുക്കുടി കസ്റ്റഡി മരണത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു

തൂത്തുക്കുടി കസ്റ്റഡി കൊലപാതകത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഒമ്പത് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സാത്താൻകുളം എസ്എച്ച്ഒ അടക്കമുള്ള ഉദ്യോഗസ്ഥർ പ്രതികളാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. മധുര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. രണ്ട് കേസുകളാണ് സിബിഐ സംഭവത്തിൽ രജിസ്റ്റർ ചെയ്തത്.

വ്യാപാരികളെ രാത്രി മുഴുവൻ പൊലീസുകാർ സ്റ്റേഷനിലിട്ട് മൃഗീയമായി മർദിച്ചുവെന്നും മൂന്നാം മുറ പ്രയോഗിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. ലോക്കപ്പ് മർദ്ദനമാണ് വ്യാപരികളുടെ മരണകാരണമെന്നാണ് സിബിഐയുടെ കണ്ടെത്തൽ.

എന്നാൽ ബെനിക്സിന്റെ മൊബൈൽ കടയിൽ രാത്രി ഒമ്പതു മണിക്ക് വൻ ജനകൂട്ടം ആയിരുന്നുവെന്നും ഇത് ചോദ്യം ചെയ്ത പൊലീസിനെ ബെനിക്സ് ആക്രമിച്ചുവെന്നുമാണ് പൊലീസിന്റെ എഫ്ഐആർ.

എന്നാൽ കടക്ക് മുന്നിൽ അക്രമം നടന്നിട്ടില്ലെന്നും കടയിൽ തിരക്കുണ്ടായിരുന്നില്ലെന്നും സമീപവാസികൾ മൊഴി നൽകിയിരുന്നു. പോലീസിനെതിരെ കേസെടുക്കാൻ ഹൈക്കോടതിയും നിർദേശിച്ചിരുന്നു.

Share this story