കാർഷിക ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു; ഇന്ത്യാ ഗേറ്റിന് മുന്നില്‍ ട്രാക്ടര്‍ കത്തിച്ച് കര്‍ഷകര്‍

കാർഷിക ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു; ഇന്ത്യാ ഗേറ്റിന് മുന്നില്‍ ട്രാക്ടര്‍ കത്തിച്ച് കര്‍ഷകര്‍

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക ബില്ലിനെതിരെ രാജ്യമൊട്ടാകെ വ്യാപകമായ പ്രതിഷേധ പ്രകടനങ്ങള്‍ വ്യാപിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷക സംഘടനകളും ചേര്‍ന്നാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നത്. ഇപ്പോഴിതാ, ഇന്ത്യ ഗേറ്റിന് മുന്നില്‍ ട്രാക്ടര്‍ കത്തിച്ച് കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

ഡല്‍ഹിയിലെ അതീവ സുരക്ഷ മേഖലയിലാണ് കര്‍ഷകരുടെ പ്രതിഷേധം. ഇതില്‍ പോലീസിനു വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. ലോറിയില്‍ കൊണ്ടുവന്ന ട്രാക്ടര്‍ ഇന്ത്യ ഗേറ്റിന് മുന്‍പിലിട്ട് കത്തിക്കുകയായിരുന്നു. ഇതിന്റെ അവശിഷ്ടങ്ങള്‍ പോലീസ് ഉടന്‍ തന്നെ പരിസരത്ത് നിന്നും നീക്കം ചെയ്തു. രാവിലെ എട്ടരയോടെയാണ് രാഷ്ട്രപതി ഭവന് 1.5 മീറ്റര്‍ അകലെയായി ട്രാക്ടര്‍ കത്തിച്ചത്.

പഞ്ചാബില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് സംഘമാണ് പ്രതിഷേധത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ബില്‍ രാജ്യസഭയില്‍ പാസയത്തിനു പിന്നാലെ പഞ്ചാബില്‍ നിന്നും ട്രാക്ടറുകളില്‍ ഡല്‍ഹിയിലേക്ക് കൂറ്റന്‍ റാലി സംഘടിപ്പിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്. സിറാക്പൂരില്‍ നിന്നും ഡല്‍ഹിയിലേക്കായിരുന്നു റാലി.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍, ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വീസ് ബില്‍ എന്നിവയ്ക്കെതിരെയാണ് പ്രതിഷേധം ഉയരുന്നത്. ഇതിലൂടെ നിലവിലുള്ള മിനിമ൦ താങ്ങുവില സമ്പ്രദായം ഇല്ലാതാകുമെന്നതാണ് പ്രതിഷേധത്തിന് കാരണം. അതേസമയം, ബില്ലുകള്‍ നിയമമായതോടെ സുപ്രീം കോടതി സമീപിക്കാന്‍ ഒരുങ്ങുകയാണ്.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് രാജ്ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. ഒക്ടോബര്‍ ഒന്ന് മുതല്‍ പഞ്ചാബിലും ഹരിയാനയിലുമായി പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷക സംഘടനകളും അനിശ്ചിത കാല സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പാര്‍ലമെന്‍റ് പാസാക്കിയ കാര്‍ഷിക ബില്ലില്‍ രാഷ്ട്രപതി രാംനാഥ്‌ കൊവിന്ദ് ഒപ്പുവച്ചത്. പാര്‍ലമെന്‍റിലെ ഇരുസഭകളും പാസാക്കിയ മൂന്ന് ബില്ലുകളാണ് രാഷ്ട്രപതി ഒപ്പുവച്ചത്. ഇതോടെ, കാര്‍ഷിക ബില്‍ നിയമമായി.

Share this story