അഞ്ചു റഫാലുകൾ കൂടി ഇന്ത്യയ്ക്കു കൈമാറി

അഞ്ചു റഫാലുകൾ കൂടി ഇന്ത്യയ്ക്കു കൈമാറി

പാരിസ്: കിഴക്കൻ ലഡാഖിൽ സംഘർഷം തുടരുന്നതിനിടെ അഞ്ച് റഫാൽ യുദ്ധവിമാനങ്ങൾ കൂടി ഫ്രാൻസ് ഇന്ത്യയ്ക്കു കൈമാറി. നിലവിൽ ഫ്രാൻസിലാണ് ഈ വിമാനങ്ങളെന്നും ഒക്റ്റോബറിൽ ഇന്ത്യയിലെത്തുമെന്നും ഡിഫൻസ് ഏവിയേഷൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. കിഴക്കൻ അതിർത്തിയുടെ സംരക്ഷണം ലക്ഷ്യമിട്ട് പശ്ചിമബംഗാളിലെ കാലികുണ്ട വ്യോമതാവളത്തിലാകും ഇവ വിന്യസിക്കുക. ഫ്രാൻസിൽ നിന്ന് ആദ്യം ലഭിച്ച് അഞ്ച് റഫാൽ വിമാനങ്ങൾ കഴിഞ്ഞ പത്തിന് ഔപചാരികമായി അംബാല ആസ്ഥാനമായ ഗോൾഡൻ ആരോസ് സ്ക്വാഡ്രന്‍റെ ഭാഗമാക്കി മാറ്റിയിരുന്നു.

ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലെനിനെ ഉദ്ധരിച്ചാണ് അഞ്ചു വിമാനങ്ങൾ കൂടി കൈമാറിയെന്ന് ഡിഫൻസ് ഏവിയേഷന്‍റെ റിപ്പോർട്ട്. ഇത് എപ്പോൾ ഇന്ത്യയിലെത്തിക്കണമെന്നു വ്യോമസേന തീരുമാനിക്കും. ഇന്ത്യൻ വ്യോമസേനാ പൈലറ്റുമാരുടെ മികവ് അതുല്യമെന്നും ഇമ്മാനുവൽ ലെനിൻ. അംബാലയിലെത്തിച്ച റഫാലുകളിൽ വ്യോമസേനയുടെ സാങ്കേതിക വിഭാഗം ഇന്ത്യൻ സാഹചര്യങ്ങൾക്കു യോജിക്കുന്ന വിധം ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ചൈനാ അതിർത്തിയിലെ അതിശൈത്യം കണക്കിലെടുത്താണിത്. ആദ്യ ബാച്ച് വിമാനങ്ങൾ 250 മണിക്കൂറിലേറെ പരിശീലനപ്പറക്കലും വെടിയുതിർക്കൽ പരീക്ഷണങ്ങളും പൂർത്തിയാക്കി.

ചൈനയുടെ ചെങ്ഡു ജെ 20, പാക്കിസ്ഥാന്‍റെ ജെഎഫ് 17 യുദ്ധവിമാനങ്ങളുമായി താരതമ്യം ചെയ്താൽ മികവിൽ കാതങ്ങൾ മുന്നിലാണ് റഫാലെന്നാണു പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ. 36 റഫാൽ വിമാനങ്ങൾ വാങ്ങാനാണ് ഇന്ത്യയും ഫ്രാൻസുമായി കരാർ. അടുത്തവർഷം അവസാനത്തോടെ ഇവയെല്ലാം ഇന്ത്യയിലെത്തും. ഒരു സീറ്റുള്ള 30ഉം രണ്ടു സീറ്റുള്ള ആറും വിമാനങ്ങളാണു വാങ്ങുന്നത്. പരിശീലനത്തിനുവേണ്ടിയുളളവയാണ് ഇരട്ടസീറ്റ് വിമാനങ്ങൾ.

Share this story