കാര്‍ഷിക ബില്ലിനെതിരെ സിം സത്യാഗ്രഹം; ജിയോ സിം കാര്‍ഡുകള്‍ പൊട്ടിച്ചെറിഞ്ഞ് കര്‍ഷകര്‍

കാര്‍ഷിക ബില്ലിനെതിരെ സിം സത്യാഗ്രഹം; ജിയോ സിം കാര്‍ഡുകള്‍ പൊട്ടിച്ചെറിഞ്ഞ് കര്‍ഷകര്‍

ന്യൂ ഡെൽഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക ബില്ലിനെതിരെ രാജ്യമൊട്ടാകെ വ്യാപകമായ പ്രതിഷേധ പ്രകടനങ്ങള്‍ വ്യാപിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷക സംഘടനകളും ചേര്‍ന്നാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നത്.

ഇപ്പോഴിതാ, കര്‍ഷക നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ സിം സത്യാഗ്രഹവുമായി പഞ്ചാബിലെ കര്‍ഷകര്‍. റിലയന്‍സ് ജിയോ സിം കാര്‍ഡുകള്‍ പൊട്ടിച്ചെറിഞ്ഞാണ് കോര്‍പ്പറേറ്റുകള്‍ക്കെതിരെ കര്‍ഷകര്‍ സമരം ചെയ്യുന്നത്. ജിയോ സിം കാര്‍ഡുകള്‍ കത്തിച്ചുകളഞ്ഞ് അമൃത്സറില്‍ കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ജിയോ സിമ്മിനെതിരായ ക്യാംപയിനും ശക്തമാകുകയാണ്.

ഇതിന്റെ ഭാഗമായി ചില പഞ്ചാബ് ഗായകരും ജിയോ സിമ്മുകള്‍ നശിപ്പിച്ചിരുന്നു. റിലയന്‍സ് പമ്പുകളില്‍ നിന്നും പെട്രോളും ഡീസലും അടിക്കരുതെന്ന് ആഹ്വാനം ചെയ്തും ചില ക്യാംപയിനുകള്‍ സജീവമാണ്. അംബാനി, അദാനി തുടങ്ങിയ കോര്‍പ്പറേറ്റുകളെ ശക്തിപ്പെടുത്തുകയാണ് കാര്‍ഷിക നിയമങ്ങളിലൂടെ നരേന്ദ്ര മോദി ചെയ്യുന്നതെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയകളില്‍ ക്യാംപയിനുകള്‍ സജീവമായത്.

റിലയന്‍സ് ജിയോ സിം കാര്‍ഡുകള്‍ ബഹിഷ്കരിക്കണമെന്നും റിലയന്‍സ് പമ്പുകളില്‍ നിന്ന് ഇന്ധനം വാങ്ങരുതെന്നും തങ്ങള്‍ ആഹ്വാനം ചെയ്യുന്നുണ്ടെന്നും കോര്‍പ്പറേറ്റുകളെ ബഹിഷ്കരിക്കുന്നത് കര്‍ഷകര്‍ നടപ്പിലാക്കി തുടങ്ങിയെന്നും കിസാന്‍ യൂണിയന്‍ പ്രസിഡന്‍റ് മന്‍ജിത്‌ സിംഗ് റായ് പറഞ്ഞു.

നേരത്തെ, ഇന്ത്യ ഗേറ്റിന് മുന്നില്‍ ട്രാക്ടര്‍ കത്തിച്ച് കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. ലോറിയില്‍ കൊണ്ടുവന്ന ട്രാക്ടര്‍ ഇന്ത്യ ഗേറ്റിന് മുന്‍പിലിട്ട് കത്തിക്കുകയായിരുന്നു. രാഷ്ട്രപതി ഭവന് 1.5 മീറ്റര്‍ അകലെയായാണ് ട്രാക്ടര്‍ കത്തിച്ചത്.

Share this story