നിങ്ങളുടെ മകളാണ് മരിച്ചതെങ്കിൽ ഈ രീതിയിൽ സംസ്‌കരിക്കുമോ; ഹാത്രാസ് കേസിൽ യുപി പോലീസിനോട് കോടതി

നിങ്ങളുടെ മകളാണ് മരിച്ചതെങ്കിൽ ഈ രീതിയിൽ സംസ്‌കരിക്കുമോ; ഹാത്രാസ് കേസിൽ യുപി പോലീസിനോട് കോടതി

ഹാത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാരുടെ എതിർപ്പ് മറികടന്ന് അർധരാത്രി സംസ്‌കരിച്ച യുപി പോലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് അലഹബാദ് ഹൈക്കോടതി. പെൺകുട്ടിയുടേത് ഒരു സമ്പന്ന കുടുംബമായിരുന്നുവെങ്കിൽ പോലീസും ജില്ലാ ഭരണകൂടവും ഇതേ രീതിയിൽ അവരോട് പെരുമാറുമായിരുന്നോ എന്ന് കോടതി ചോദിച്ചു

ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജില്ലാ മജിസ്‌ട്രേറ്റിനെയും പോലീസ് ഉന്നതാധികാരികളെയും കോടതി വിളിച്ചുവരുത്തിയിരുന്നു. മൃതദേഹം പുലർച്ചെ സംസ്‌കരിച്ചതിന്റെ ഉത്തരവാദിത്വം ജില്ലാ മജിസ്‌ട്രേറ്റ് പ്രവീൺകുമാർ ഏറ്റെടുത്തു.

പെൺകുട്ടിയുടെയും കുടുംബാംഗങ്ങളുടെയും മാനുഷികവും മൗലികവുമായ അവകാശങ്ങൾ ലംഘിക്കപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി. മൃതദേഹത്തോട് ആദരവോടെ പെരുമാറണമെന്ന ഭരണഘടനാ അനുച്ഛേദം കോടതി ഓർമിപ്പിച്ചു. സ്വന്തം മകളുടെ മൃതദേഹമായിരുന്നുവെങ്കിൽ ഇത്തരത്തിൽ സംസ്‌കരിക്കാൻ അനുമതി നൽകുമായിരുന്നോയെന്ന് കോടതി എഡിജിപി പ്രശാന്ത് കുമാറിനോട് ആരാഞ്ഞു

മനുഷ്യാവകാശ ലംഘനം നടന്നോ, പോലീസ് ഹിന്ദു ആചാരങ്ങൾ പാലിച്ചോ, നിയമലംഘനം നടന്നോ തുടങ്ങിയ കാര്യങ്ങൾ ഹാത്രാസ് കേസിൽ കോടതി പരിഗണിക്കുന്നത്. കേസ് നവംബർ 2ന് വീണ്ടും പരിഗണിക്കും.

Share this story