ആയുധങ്ങൾ ആദ്യം പിൻവലിക്കണമെന്ന ചൈനീസ് നിർദേശം ഇന്ത്യ തള്ളി; സമഗ്ര പിൻമാറ്റമല്ലാതെ ചർച്ചയില്ലെന്ന് ഇന്ത്യ

ആയുധങ്ങൾ ആദ്യം പിൻവലിക്കണമെന്ന ചൈനീസ് നിർദേശം ഇന്ത്യ തള്ളി; സമഗ്ര പിൻമാറ്റമല്ലാതെ ചർച്ചയില്ലെന്ന് ഇന്ത്യ

അതിർത്തിയിൽ സേനാ പിൻമാറ്റത്തിന് ചൈന മുന്നോട്ടുവെച്ച ഉപാധികൾ ഇന്ത്യ തള്ളി. ചുഷുൽ മലനിരകളിൽ ഇന്ത്യ എത്തിച്ച ആയുധങ്ങൾ ആദ്യം പിൻവലിക്കണമെന്ന നിർദേശമാണ് തള്ളിയത്.

നിയന്ത്രണരേഖക്ക് അടുത്തുള്ള മലനിരകളിലേക്ക് കയറിയ ഇന്ത്യൻ സേന വൻ ആയുധ സജ്ജീകരണവും മേഖലയിൽ തയ്യാറാക്കിയിരുന്നു. ഇവ പിൻവലിക്കുകയെന്ന ചൈനീസ് നിർദേശം തള്ളി സമ്പൂർണ പിൻമാറ്റമെന്ന ആവശ്യമാണ് ഇന്ത്യ മുന്നോട്ടുവെച്ചിരിക്കുന്നത്.

ആയുധങ്ങൾ പിൻവലിച്ച ശേഷം അതിർത്തിയിലേക്ക് വേഗത്തിൽ ഇവ തിരിച്ചെത്തിക്കാനുള്ള സംവിധാനം ചൈന തയ്യാറാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സമഗ്രപിൻമാറ്റമെന്ന നിലപാടിലേക്ക് ഇന്ത്യ എത്തിയത്.

അതിനിടെ യുദ്ധക്കപ്പലുകൾ തകർക്കാനുള്ള മിസൈൽ വിജയകരമായി പരീക്ഷിച്ചതായി നാവിക സേന അറിയിച്ചു. നാവിക സേനയുടെ ചെറിയ യുദ്ധക്കപ്പലിൽ നിന്ന് പറന്ന മിസൈൽ കൃത്യമായി ലക്ഷ്യം കണ്ടു. അതിർത്തി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് മിസൈൽ പരീക്ഷണമെന്നത് ശ്രദ്ധേയമാണ്.

Share this story