കോണ്‍ഗ്രസിന് പിന്തുണ; കമ്പ്യൂട്ടര്‍ ബാബയുടെ ആശ്രമം അധികൃതര്‍ പൊളിച്ചു

കോണ്‍ഗ്രസിന് പിന്തുണ; കമ്പ്യൂട്ടര്‍ ബാബയുടെ ആശ്രമം അധികൃതര്‍ പൊളിച്ചു

ഇന്‍ഡോര്‍: സ്വയം പ്രഖ്യാപിത ആള്‍ ദൈവം കമ്പ്യൂട്ടര്‍ ബാബയുടെ ആശ്രമം, കൈയ്യേറ്റം ആരോപിച്ച് അധികൃതര്‍ പൊളിച്ചുമാറ്റി. കമ്പ്യൂട്ടര്‍ ബാബ ഉള്‍പ്പെടെ ആറ് പേരെ സംഭവത്തെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശില്‍ കഴിഞ്ഞയാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇയാള്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ത്യാഗിയുടെ ആശ്രമം 46 ഏക്കറോളം സ്ഥലം കൈയ്യേറിയതായി അധികൃതര്‍ ആരോപിച്ചു. ഏകദേശം 80 കോടി രൂപ വിലമതിക്കുന്നതാണിത്. മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ആശ്രമം പൊളിച്ചു മാറ്റിയത്. കമ്പ്യൂട്ടര്‍ ബാബ എന്നറിയപ്പെടുന്ന നംദെയോ ദാസ് ത്യാഗി ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണം നടത്തിയിരുന്നു.

ത്യാഗിക്ക് നോട്ടീസ് നല്‍കി രണ്ട് മാസത്തിന് ശേഷം ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേന്‍ അധികൃതരും ജില്ലാ ഭരണകൂടവും ചേര്‍ന്ന് ഈ സ്ഥലം വൃത്തിയാക്കിയിരുന്നു. ഇന്‍ഡോറിലെ ജാമോര്‍ഹി ഗ്രാമത്തിലെ ഈ സ്ഥലം 2016 ല്‍ ഗോസംരക്ഷണ കേന്ദ്രത്തിനായി മാറ്റിവെച്ചതാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അജയ് ശര്‍മ പറഞ്ഞു. കയ്യേറ്റത്തെക്കുറിച്ച് ചിലര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് നോട്ടീസ് നല്‍കിയിരുന്നതായി അജയ് ശര്‍മ പറഞ്ഞു.

Share this story