സര്‍ക്കാരിന്റെ നിര്‍ദ്ദേശം ലംഘിച്ച് ബിജെപിയുടെ വേല്‍യാത്ര

സര്‍ക്കാരിന്റെ നിര്‍ദ്ദേശം ലംഘിച്ച് ബിജെപിയുടെ വേല്‍യാത്ര

ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം ലംഘിച്ച് ബിജെപി വീണ്ടും വേല്‍യാത്ര തുടങ്ങി. ചെന്നൈയില്‍ നിന്നുമാണ് ബിജെപി വേല്‍യാത്ര വീണ്ടും തുടങ്ങിയത്. തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ എല്‍ മുരുകന്റെ നേതൃത്വത്തിലാണ് യാത്ര. അകമ്പടിയായി നൂറ് കണക്കിന് പ്രവര്‍ത്തകരാണ് റോഡിലിറങ്ങിയിരിക്കുന്നത്.

സര്‍ക്കാര്‍ അനുമതിയില്ലാതെ ആറാം തീയതി നടത്തിയ വേല്‍യാത്ര സംസ്ഥാന സര്‍ക്കാര്‍ തടയുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തത് തമിഴ്‌നാട്ടില്‍ വിവാദമായിരുന്നു. എച്ച് രാജ ഉള്‍പ്പടെ നൂറോളം ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്താണ് അന്ന് യാത്രക്ക് തടയിട്ടത്. കൊവിഡ് വ്യാപനം കാരണമാണ് യാത്രക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചതെങ്കിലും ഇത് അംഗീകരിക്കാന്‍ ബിജെപി തയ്യാറാകാത്തതാണ് പ്രശ്‌നം.

മുരുകന്റെ ആറ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് തമിഴ്‌നാട്ടിലുടനീളം സ്വീകരണ പരിപാടികളുമായാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന വേല്‍യാത്ര നിശ്ചയിച്ചിരുന്നത്. ദേശീയ നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും മുന്‍നിര താരങ്ങളെയും യാത്രയില്‍ അണിനിരത്താനായിരുന്നു ബിജെപി പദ്ധതി.

Share this story