നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ച് ദ്വിഗ് വിജയ് സിംഗ്; പ്രതികരിക്കാതെ നിതീഷ്

നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ച് ദ്വിഗ് വിജയ് സിംഗ്; പ്രതികരിക്കാതെ നിതീഷ്

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ച് കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ്. ബിജെപി ബന്ധം അവസാനിപ്പിച്ച് തേജസ്വിയെ പിന്തുണക്കാൻ നിതീഷ് തയ്യാറാകണം. ദേശീയ തലത്തിൽ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകണമെന്നും ദ്വിഗ് വിജയ് സിംഗ് നിതീഷിനോട് ആവശ്യപ്പെട്ടു

ട്വിറ്റർ വഴിയാണ് ദ്വിഗ് വിജയ് സിംഗിന്റെ ആവശ്യം. ബിഹാറിൽ വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ എൻഡിഎ സർക്കാർ അധികാരം നിലനിർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദ്വിഗ് വിജയ് സിംഗിന്റെ ട്വീറ്റ്

ബിജെപിയും സംഘ്പരിവാറും ഇത്തിൾക്കണ്ണി പോലെയാണ്. ആശ്രയം നൽകുന്ന മരത്തെ നശിപ്പിക്കും. ബിഹാറിൽ ജെഡിയുവിന് സംഭവിക്കുന്നത് ഇതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എൻഡിഎ മുന്നണിയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയത് ബിജെപിയാണ്. ബിജെപിക്ക് 74 സീറ്റ് ലഭിച്ചപ്പോൾ ജെഡിയു വെറും 43 സീറ്റുകളിൽ ഒതുങ്ങുകയായിരുന്നു.

അതേസമയം അന്തിമ ഫലം വന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും നിതീഷ് കുമാറിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. മുന്നണി വിജയിച്ചെങ്കിലും രാഷ്ട്രീയമായി പാർട്ടിക്കേറ്റ തിരിച്ചടി നിതീഷിന് ബോധ്യമായതായാണ് സൂചന.

Share this story