രാജ്യത്ത് കടുത്ത സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന് അംഗീകരിക്കാതെ വീണ്ടും കേന്ദ്രസർക്കാർ; ”ഇവിടെ ഒരു മാന്ദ്യവും ഇല്ല”

രാജ്യത്ത് കടുത്ത സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന് അംഗീകരിക്കാതെ വീണ്ടും കേന്ദ്രസർക്കാർ; ”ഇവിടെ ഒരു മാന്ദ്യവും ഇല്ല”

രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന വസ്തുത അംഗീകരിക്കാതെ മുന്നോട്ട് പോകാൻ കേന്ദ്രസർക്കാർ തീരുമാനം. രണ്ട് പാദത്തിലെയും ജി.ഡി.പി ഇടിഞ്ഞെന്നാണ് കേന്ദ്രസർക്കാർ നിലപാട്. സാമ്പത്തികമാന്ദ്യം ഉണ്ടെന്ന വസ്തുത അംഗീകരിക്കാതെ മുന്നോട്ട് പോകാനുള്ള കേന്ദ്രസർക്കാർ ശ്രമം സാധാരണ ജനങ്ങൾക്ക് അടക്കം വലിയ തിരിച്ചടിയാകും. മാന്ദ്യകാലത്ത് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കാത്ത സാഹചര്യമാകും ഇതുമൂലം വരിക.

ജൂലൈ -സെപ്റ്റംബർ കാലയളവിൽ മൊത്തം ആഭ്യന്തരോത്പാദനം 8.6 ശതമാനം ചുരുങ്ങി. ഏപ്രിൽ- ജൂൺ പാദത്തിൽ 24 ശതമാനം ഇടിഞ്ഞു. തുടർച്ചയായി രണ്ട് പാദത്തിൽ ജി.ഡി.പിയിൽ ഇടിവുണ്ടാകുമ്പോൾ മാന്ദ്യം ഔദ്യോഗികമായി പ്രഖ്യാപിക്കണം. പക്ഷെ ഇതിന് മുതിരാതെ മുന്നോട്ടു പോകാനാണ് കേന്ദ്ര തീരുമാനം. ഒക്ടോബർ- ഡിസംബർ പാദത്തിലെ കണക്കുകൾ കൂടി വിലയിരുത്തിയ ശേഷമേ മാന്ദ്യം ഉണ്ടെങ്കിൽ ഔദ്യോഗികമായി പ്രഖ്യാപിക്കൂ എന്ന് ധനമന്ത്രാലയം വ്യക്തമാക്കുന്നു. ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് ഒക്ടോബർ-ഡിസംബർ പാദത്തിലെ ജി.ഡി.പി ജൂലൈ-സെപ്റ്റംബർ പാദത്തിനേക്കാൾ മേലെ ആയിരിക്കും. ഇത് മാന്ദ്യം നിഷേധിക്കാനാകും കേന്ദ്ര സർക്കാരിന് അവസരം നൽകുക.

സമ്പദ്ഘടന മാന്ദ്യത്തിലാണെന്ന് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ മൈക്കൽ പത്രയുടെ നേതൃത്വത്തിലുള്ള സമിതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് ഔദ്യോഗികമല്ല എന്നാണ് കേന്ദ്രസർക്കാർ വിശദീകരണം.

Share this story