ജോലി സമയം 12 മണിക്കൂറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; പ്രതിഷേധം ശക്തമാകുന്നു

ജോലി സമയം 12 മണിക്കൂറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; പ്രതിഷേധം ശക്തമാകുന്നു

ദില്ലി: ജോലി സമയം 12 മണിക്കൂറാക്കി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഒമ്പത് മണിക്കൂറില്‍ നിന്നാണ് 12 മണിക്കൂറാക്കി ഉയര്‍ത്തുന്നത്. വിശ്രമ വേള ഉള്‍പ്പെടെയാണ് 12 മണിക്കൂര്‍. ഇത് സംബന്ധിച്ച് പ്രതികരണം അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കിയിരിക്കുകയാണിപ്പോള്‍. പൊതുജനാഭിപ്രായം കേട്ട ശേഷം തുടര്‍നടപടികളിലേക്ക് കടക്കും. എതിര്‍പ്പ് പ്രകടപ്പിക്കേണ്ടവര്‍ക്ക് തൊഴില്‍മന്ത്രാലയം അവസരം നല്‍കിയിരിക്കുകയാണ്.

അതേസമയം, തൊഴിലാളി സംഘടനകള്‍ ഇതിനെതിരെ രംഗത്തുവന്നു. ജോലി സമയം കൂട്ടാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പിന്തിരിയണം എന്ന് എഐടിയുസി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ കണ്‍വെന്‍ഷന് വിരുദ്ധമാണ് സര്‍ക്കാര്‍ നടപടിയെന്ന് എഐടിയുസി അഭിപ്രായപ്പെട്ടു. ഐഎല്‍ഒ കണ്‍വന്‍ഷനില്‍ ഇന്ത്യ ഒപ്പുവച്ചതാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ വിവിധ ട്രേഡ് യൂണിയനുകള്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. നവംബര്‍ 26ന് ദേശ വ്യാപക സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലാളി വിരുദ്ധവും കോര്‍പറേറ്റ് അനുകൂലവുമായ നയങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണം എന്ന് തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടു.

ഒരു മണിക്കൂര്‍ വിശ്രമ വേള അടക്കം 12 മണിക്കൂര്‍ ജോലി സമയം എന്നതാണ് പുതിയ തൊഴില്‍ സമയമാറ്റത്തിലെ പ്രത്യേകത. നിലവിലുള്ള 13 നിയമങ്ങളെ യോജിപ്പിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി കൊണ്ടുവരുന്നത്. ഒരു ദിവസം 12 മണിക്കൂര്‍ വരെ ജോലി സമയം നീട്ടാമെന്ന് പറയുന്നുണ്ടെങ്കിലും ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടരുത് എന്നും കരട് നിര്‍ദേശത്തിലുണ്ട്.

കൊറോണ കാരണം രാജ്യം സ്തംഭിച്ച വേളയില്‍ നിര്‍മാണ മേഖല അടഞ്ഞുകിടക്കുകയായിരുന്നു. ഒട്ടേറെ പ്രവൃത്തി ദിനങ്ങളാണ് നഷ്ടമായത്. ഇവ തിരിച്ചുപിടിക്കാന്‍ ജോലി സമയം വര്‍ധിപ്പിക്കണമെന്ന് ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. സാമ്പത്തിക മേഖല വേഗത്തില്‍ കരകയറാന്‍ ഇത് ഉപകരിക്കുമെന്നാണ് അവരുടെ വാദം. ഇതിന് ചുവട് പിടിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ജോലി സമയം ദീര്‍ഘിപ്പിക്കാന്‍ ശ്രമിക്കുന്നത്.

Share this story