വ്യാഴാഴ്ച ദേശീയ പണിമുടക്ക്

വ്യാഴാഴ്ച ദേശീയ പണിമുടക്ക്

കേന്ദ്ര സർക്കാർ തുടരുന്ന തൊഴിലാളി കർഷക വിരുദ്ധ നടപടികൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 26 ലെ ദേശീയ പണിമുടക്ക് സംസ്ഥാനത്ത് സമ്പൂർണമാകും. 25ന് അർധരാത്രി 12 മുതൽ 26ന് രാത്രി 12 വരെ നടക്കുന്ന പണിമുടക്കിൽ 10 ദേശീയ സംഘടനയ്‌ക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനയും പണിമുടക്കിൽ അണിചേരും. സംസ്ഥാനത്ത് ഒന്നര കോടിയിലേറെ ജനങ്ങൾ പങ്കാളികളാകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.

വ്യാപാരമേഖലയിലെ തൊഴിലാളികളും പണിമുടക്കിൽ അണിചേരുന്നതിനാൽ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കും. ബാങ്ക് ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ടൂറിസം മേഖല, പാൽ പത്ര വിതരണം, ആശുപത്രി എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസുകളുടെ പ്രവർത്തനങ്ങളെയും ഉദ്യോഗസ്ഥരുടെ അവശ്യ യാത്രകളെയും ബാധിക്കില്ല.

പണിമുടക്കിന് മുന്നോടിയായി ചൊവ്വാഴ്ച അസംഘടിത മേഖലയിലെ തൊഴിലാളികൾ തൊഴിലിടങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ബുധനാഴ്ച വൈകിട്ട് തൊഴിൽ കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനങ്ങളുണ്ടാകും. പണിമുടക്ക് ദിവസം തൊഴിലാളികൾ എല്ലാ ജില്ലകളിലും പ്രധാനയിടങ്ങളിൽ കേന്ദ്രീകരിക്കും.

Share this story