പബ്ജി ആരാധകരുടെ കാത്തിരിപ്പ് ഉടന്‍ അവസാനിക്കും; ഡിസംബര്‍ ആദ്യ ആഴ്ചയില്‍ ഇന്ത്യയിലെത്തിയേക്കും

പബ്ജി ആരാധകരുടെ കാത്തിരിപ്പ് ഉടന്‍ അവസാനിക്കും; ഡിസംബര്‍ ആദ്യ ആഴ്ചയില്‍ ഇന്ത്യയിലെത്തിയേക്കും

ഇന്ത്യയിലെ ദശലക്ഷക്കണക്കിന് പബ്ജി ആരാധകരുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പ് ഉടന്‍ അവസാനിച്ചേക്കും. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പബ്ജി മൊബൈല്‍ ഇന്ത്യ ഔദ്യോഗികമായി ഡിസംബര്‍ ആദ്യ ആഴ്ചയില്‍ തന്നെ റിലീസ് ചെയ്യപ്പെടുമെന്നാണ് വിവരം. മൊബൈല്‍ ഗെയിമിന്റെ ഇന്ത്യന്‍ പതിപ്പ് സര്‍ക്കാരിന്റെ അംഗീകാരത്തോടെ പുറത്തിറക്കുമെന്നാണ് വിവരം. എന്നാല്‍ കമ്പനി നിരവധി കടമ്പകള്‍ ഇനിയും കടയ്‌ക്കേണ്ടതുണ്ടെന്നാണ് ബന്ധപ്പെട്ട അധികൃതരില്‍ നിന്നുള്ള വിവരം.

മൊബൈല്‍ ഗെയിമിന്റെ രജിസ്‌ട്രേഷന് കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്. പബ്ജി മൊബൈല്‍ ഇന്ത്യ ഇപ്പോള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തു. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം പബ്ജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് അംഗീകാരം നല്‍കിയതായാണ് വിവരം. സാധുവായ കോര്‍പ്പറേറ്റ് ഐഡന്റിറ്റി നമ്പര്‍ (സിഎന്‍) ഉപയോഗിച്ച് കമ്പനി ഇതിനകം മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലിസ്റ്റുചെയ്തിട്ടുണ്ട്. കൂടാതെ രജിസ്റ്റര്‍ ചെയ്ത ഓഫീസ് ബെംഗളൂരുവിലാണ്.

പബ്ജി മൊബൈല്‍ ഇന്ത്യയില്‍ തിരിച്ചുവരവ് നടത്തുമെന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്നും പബ്ജിയ്ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. നിരവധി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിക്കാനാകൂ.

പബ്ജി, പബ്ജി മൊബൈല്‍, പബ്ജി കോര്‍പ്പറേഷന്‍, പബ്ജി മൊബൈല്‍ ഇന്ത്യ, പബ്ജി മൊബൈല്‍ ലൈറ്റ് എന്നീ തലക്കെട്ടുകള്‍ സ്വന്തമാക്കി, ഗെയിം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഇന്ത്യന്‍ അനുബന്ധ സ്ഥാപനങ്ങളും ആരംഭിച്ചു. 100 മില്യണ്‍ ഡോളര്‍ (ഏകദേശം 739.72 കോടി രൂപ) മുതല്‍ മുടക്കില്‍ ഒരു ഇന്ത്യന്‍ സബ്‌സിഡിയറി സ്ഥാപിക്കുമെന്ന് രജിസ്‌ട്രേഷന്‍ ദിവസം കമ്പനി വ്യക്തമാക്കിയിരുന്നു.

പുതിയ വിവരങ്ങള്‍ അനുസരിച്ച്, പബ്ജി മൊബൈല്‍ ഇന്ത്യയുടെ ഇന്ത്യന്‍ പതിപ്പ് തുടക്കത്തില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാകൂ. പബ്ജി മൊബൈല്‍ ഇന്ത്യ വെബ്സൈറ്റ് നിലവില്‍ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് ലിങ്കുകളിലൂടെ ‘ഉടന്‍ വരുന്നു’ എന്ന പരസ്യം നല്‍കി തുടങ്ങിയിട്ടുണ്ട്.

കുമാര്‍ കൃഷ്ണന്‍ അയ്യര്‍, ഹ്യൂനിന്‍ സോണ്‍ എന്നിവരാണ് ഇന്ത്യന്‍ കമ്പനിയുടെ ഡയറക്ടര്‍മാര്‍. 2020 നവംബര്‍ 21 ന് കര്‍ണാടകയിലാണ് കമ്പനി ആരംഭിച്ചത്. കമ്പനിക്ക് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചതിനാല്‍ പബ്ജി മൊബൈല്‍ ഇന്ത്യയുടെ തിരിച്ചുവരവ് സ്ഥിരീകരിച്ചു. മറ്റ് കമ്പനികളെപ്പോലെ, പബ്ജി മൊബൈല്‍ ഇന്ത്യയ്ക്കും അവരുടെ ഇന്ത്യ ഓഫീസ് പ്രവര്‍ത്തിപ്പിക്കാനും അവരുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും കഴിയും.

Share this story