ബംഗാളില്‍ വിദ്യാര്‍ഥികള്‍ക്ക്‌ 9.5ലക്ഷം ലാപ്‌ടോപ്പുകള്‍ സൗജന്യമായി നല്‍കും; മമത ബാനർജി

ബംഗാളില്‍ വിദ്യാര്‍ഥികള്‍ക്ക്‌ 9.5ലക്ഷം ലാപ്‌ടോപ്പുകള്‍ സൗജന്യമായി നല്‍കും; മമത ബാനർജി

കൊല്‍ക്കത്ത: കോവിഡ്‌ ബാധമൂലം വിട്ടിലിരുന്നു ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ 9.5 ലക്ഷം ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്യുമെന്ന്‌ പ്രഖ്യാപിച്ച്‌ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സര്‍ക്കാര്‍ സ്‌കൂളുകളിലേയും മദ്രസകളിലേയും വിദ്യാര്‍ഥികള്‍ക്കാണ്‌ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ലാപടോപ്പ്‌ നല്‍കുക.

കോവിഡ്‌ കാലഘട്ടത്തില്‍ കുട്ടികള്‍ പഠനസംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണ്‌. പ്ലസ്‌‌ ടു തലത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും,അര്‍ധ സര്‍ക്കാര്‍ സ്‌കൂളുകളിലും, മദ്രസകളിലും പഠിക്കുന്ന 9.5 ലക്ഷം വിദ്യാര്‍ഥികള്‍ക്ക്‌ ലാപ്‌ടോപ്പ്‌ നല്‍കുമെന്ന്‌ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നബാന്നയില്‍ പറഞ്ഞു.

സംസ്ഥാനത്തെ പലകുട്ടികള്‍ക്കും അവര്‍ക്കാവശ്യമായ സംവിധാനങ്ങള്‍ ഇല്ലാത്തതുമൂലം സംസ്ഥാനത്ത്‌ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ല ഇവര്‍ക്ക്‌ സര്‍ക്കാര്‍ നല്‍കുന്ന ലാപ്‌ടോപ്പുകള്‍ ഏറെ സഹായകരമാവുമെന്നും മമത പറഞ്ഞു.

ബംഗാളില്‍ 36000 സര്‍ക്കാര്‍ സ്‌കൂളുകളും,14000 ഹയര്‍സെക്കന്ററി സ്‌കൂളുകളും 636 മദ്രസകളുമാണ്‌ ഉള്ളത്‌. ബംഗാളില്‍ ലോപ്‌ടോപ്പോ സ്‌മാര്‍ട്ട്‌ ഫോണോ ഇല്ലാത്തതുമൂലം നിരവധി വിദ്യാര്‍ഥികള്‍ക്കാണ്‌ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കന്‍ സാധിക്കാതിരുന്നത്‌.
ബംഗാളിലെ 10ലക്ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വാര്‍ഷിക അലവന്‍സ്‌ ജനുവരി 1 മുതല്‍ 3%ഉയര്‍ത്താന്‍ തീരുമാനിച്ചതായും മമത ബാനര്‍ജി അറിയിച്ചു. അലവന്‍സ്‌ ഉര്‍ത്തുന്നതോടെ 2,200 കോടി രൂപയുടെ അധിക ചിലവാണ്‌ സംസ്ഥാന സര്‍ക്കാരിനു വരുന്നത്‌.
കേന്ദ്ര സര്‍ക്കാരില്‍ നിന്നും സംസ്ഥാനത്തിന്‌ ലഭിക്കേണ്ട 85000 കോടി ലഭിക്കാനുണ്ടെന്നറിയിച്ച മമത ബാനര്‍ജി എന്നാല്‍ ഇത്‌ മൂലം ജനങ്ങള്‍ക്ക്‌ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ വൈകിപ്പിക്കില്ലെന്നും പറഞ്ഞു.

അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ ത്രിണമൂല്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രഖ്യാപനങ്ങള്‍ ശ്രദ്ധ നേടുകയാണ്‌. നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലവിലെ ഭരണകക്ഷിയായ ത്രിണമൂല്‍ കോണ്‍ഗ്രസിന്‌ ബിജെപിയില്‍ നിന്നും വലിയ വെല്ലുവിളി നേരിടേണ്ടിവരുമെന്നാണ്‌ സൂചന, കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ വലിയ വിജയം സ്വന്തമാക്കാന്‍ ബിജെപിക്കു സാധിച്ചിരുന്നു.

Share this story