സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാൻ പുതിയ നയം പുറത്തിറക്കി; രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഹോം വർക്കും നൽകരുത്

സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാൻ പുതിയ നയം പുറത്തിറക്കി; രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഹോം വർക്കും നൽകരുത്

വിദ്യാർഥികളുടെ സ്‌കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കണമെന്ന് കേന്ദ്രസർക്കാർ. ഇതിനായി പുതിയ നയത്തിന് രൂപം നൽകി. ശരീരഭാരത്തിന്റെ പത്ത് ശതമാനത്തിൽ താഴെയായിരിക്കണം ബാഗിന്റെ ഭാരമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു. രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഹോം വർക്ക് നൽകരുതെന്നും നിർദേശമുണ്ട്

രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ ശരീരത്തിന്റെ പരമാവധി തൂക്കം 22 കിലോഗ്രാം വരെയാണ്. അതിനാൽ ഇവരുടെ സ്‌കൂൾ ബാഗിന്റെ ഭാരം രണ്ട് കിലോയിൽ വർധിക്കാൻ പാടില്ല. പ്ലസ് ടു തലത്തിൽ പഠിക്കുന്ന വിദ്യാർഥികളുടെ സ്‌കൂൾ ബാഗുകളുടെ ഭാരം അഞ്ച് കിലോയിൽ അധികമാകരുത്

കുട്ടികളുടെ പുസ്തകം നിശ്ചയിക്കുമ്പോൾ അതിന്റെ ഭാരം കൂടി അധ്യാപകർ കണക്കിലെടുക്കണം. ഗുണനിലവാരമുള്ള ഉച്ചഭക്ഷണവും കുടിവെള്ളവും സ്‌കൂളിൽ തന്നെ ഉറപ്പാക്കണം. ഇങ്ങനെ വന്നാൽ ഭക്ഷണവും വെള്ളവും കൊണ്ടുവരുന്ന ഭാരം ഒഴിവാക്കാം.

അധികസമയം ഇരുന്ന് പഠിക്കാൻ കഴിയാത്തതിനാൽ രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഹോം വർക്ക് നൽകരുത്. ഇതിന് പകരം വൈകുന്നേരങ്ങളിൽ എങ്ങനെ സമയം ചെലവഴിച്ചു, എന്തൊക്കെ കളിച്ചു, എന്ത് കഴിച്ചു തുടങ്ങിയ കാര്യങ്ങൾ അധ്യാപകർ ക്ലാസുകളിൽ പറയിപ്പിക്കണം

മൂന്ന് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ആഴ്ചയിൽ പരമാവധി രണ്ട് മണിക്കൂർ വരെയെ ഹോം വർക്ക് നൽകാവൂ. ആറ് മുതൽ എട്ട് വരെയുള്ള വിദ്യാർഥികൾക്ക് ഓരോ ദിവസവും പരമാവധി ഒരു മണിക്കൂർ വരെ ഹോം വർക്ക് നൽകാമെന്നും നിർദേശത്തിൽ പറയുന്നു.

Share this story