പോര് മുറുകുന്നു: ബംഗാൾ ചീഫ് സെക്രട്ടറിയും ഡിജിപിയും ഇന്ന് ഡൽഹിയിൽ എത്തണമെന്ന് കേന്ദ്രം

പോര് മുറുകുന്നു: ബംഗാൾ ചീഫ് സെക്രട്ടറിയും ഡിജിപിയും ഇന്ന് ഡൽഹിയിൽ എത്തണമെന്ന് കേന്ദ്രം

കേന്ദ്രസർക്കാർ പശ്ചിമ ബംഗാൾ സർക്കാരും തമ്മിലുള്ള പോര് കൂടുതൽ രൂക്ഷമാകുന്നു. ബംഗാൾ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഇന്ന് വൈകുന്നേരം അഞ്ചരയ്ക്ക് ഡൽഹിയിൽ എത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. ക്രമസമാധാന സാഹചര്യത്തെ കുറിച്ച് ചർച്ച ചെയ്യാനാണ് ഉദ്യോഗസ്ഥരെ വിളിപ്പിച്ചത്.

നാളെ അമിത് ഷാ ബംഗാളിലേക്ക് പോകാനിരിക്കുന്നതിന് മുന്നോടിയായാണ് ഉദ്യോഗസ്ഥരെ ഡൽഹിയിലേക്ക് വിളിപ്പിച്ചത്. അടുത്തിടെ ബിജെപി ദേശീയ അധ്യക്ഷൻ ജെഡി നഡ്ഡയുടെ ബംഗാൾ സന്ദർശനത്തിനിടെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്രവും സംസ്ഥാനവും തമ്മിൽ തർക്കം ഉടലെടുക്കുന്നത്.

നഡ്ഡയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥരെ ആഭ്യന്തര മന്ത്രാലയം കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് തിരികെ വിളിച്ചിരുന്നു. എന്നാൽ ഇത് അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനർജി നിലപാട് എടുത്തു. പിന്നാലെ കേന്ദ്രം സ്ഥലം മാറ്റ ഉത്തരവ് പുറത്തിറക്കി. പിന്നാലെയാണ് ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും വിളിപ്പിച്ചിരിക്കുന്നത്.

Share this story