ശശി തരൂരിന് മറുപടിയുമായി വി.മുരളീധരന്‍

ശശി തരൂരിന് മറുപടിയുമായി വി.മുരളീധരന്‍

കോവാക്‌സിന് അനുമതി നല്‍കിയതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയ ശശി തരൂര്‍ എംപിയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരം ലഭിച്ച വാക്‌സിനെതിരെ തരൂര്‍ തടസം നില്‍ക്കുന്നത് എന്തിനാണെന്നും നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പിന്തുണയ്ക്കണമെന്നുമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും വി.മുരളീധരന്‍ പറഞ്ഞു.

കോവാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാകും മുന്‍പ് അനുമതി നല്‍കിയത് അപകടകരമാണെന്നും നടപടി അപക്വമാണെന്നുമാണ് തരൂര്‍ പറഞ്ഞത്. പരീക്ഷണം പൂര്‍ത്തിയാക്കിയ ഓക്‌സ്ഫഡ് വാക്‌സിന്‍ കോവിഷീല്‍ഡുമായി മുന്നോട്ടു പോകാമെന്നും തരൂര്‍ പറഞ്ഞിരുന്നു.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡിനു പുറമേ ഭാരത് ബയോടെക്കിന്റെ കോവാക്‌സിനുമാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ (ഡിസിജിഐ) അനുമതി നല്‍കിയത്. ഇതോടെ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ കോവിഡ് പ്രതിരോധ വാക്‌സിനാകും കോവാക്‌സിന്‍. വിദഗ്ധ സമിതി വാക്‌സിന്‍ ഉപയോഗത്തിന് അംഗീകാരം നല്‍കിയതോടെ ഡിസിജിഐ അന്തിമ അനുമതി നല്‍കുകയും സര്‍ക്കാര്‍ വാക്‌സിന്‍ വിതരണത്തിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്യും.

Share this story