വാക്‌സിന്‍ എങ്ങനെ ലഭിക്കും? എപ്രകാരം രജിസ്റ്റര്‍ ചെയ്യാം? ആവശ്യമായ വിവരങ്ങള്‍

വാക്‌സിന്‍ എങ്ങനെ ലഭിക്കും? എപ്രകാരം രജിസ്റ്റര്‍ ചെയ്യാം? ആവശ്യമായ വിവരങ്ങള്‍

ലോകത്ത് കോവിഡ് വൈറസ് ഏറ്റവും മാരകമായി ബാധിച്ച രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. മരണ നിരക്കിലും രാജ്യത്ത് വലിയ ഉയര്‍ച്ചയുണ്ടായത് ആശങ്കയ്ക്ക് വഴിവച്ചിരുന്നു. എന്നാല്‍ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ രോഗപ്രതിരോധ സംവിധാനം ഫലം കണ്ടെന്നാണ് കണക്കുകൾ പറയുന്നത്.

ട്വിറ്ററിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്‌സിന്‍ വിതരണത്തെക്കുറിച്ച് വ്യക്തമായി അറിയിച്ചിട്ടുണ്ട്.’ കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ സുപ്രധാന ചുവടുവയ്പ്പ് നടത്താന്‍ പോകുന്നു’ എന്നാണ് അദ്ദേഹം കുറിച്ചത്. ആദ്യ ഘട്ടത്തില്‍ 3 കോടി ജനങ്ങള്‍ക്കാണ് വാക്‌സിന്‍ കുത്തിവയ്പ്പ് നടത്തുക. ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍ എന്നവര്‍ക്കാണ് മുന്‍ഗണന.

ജനുവരി 15ന് മുന്‍പ് രാജ്യത്ത് വിവിധ ഉത്സവാഘോഷങ്ങള്‍ നടക്കുന്നുണ്ട്. മകരസംക്രാന്തി, പൊങ്കല്‍ എന്നിവ അവയില്‍ ചിലതാണ്. ഇത്തരം ആഘോഷ പരിപാടികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് നടത്താനാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ആദ്യഘട്ട വാക്‌സിനേഷന്‍ നടത്തുന്നത്. ആരോഗ്യ പ്രവര്‍ത്തകരാണ് ആദ്യത്തെ ഗ്രൂപ്പ്. ഇതില്‍ ഒരു കോടി പേര്‍ ഉള്‍പ്പെടും. രണ്ടാമത്തെ ഗ്രൂപ്പില്‍ പൊലീസ്, അടിയന്തര സേവന ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍, കോര്‍പ്പറേഷന്‍ ജീവനക്കാര്‍ എന്നിവരുള്‍പ്പെടുന്ന 2 കോടിപ്പേരും എന്നതാണ് ധാരണ. എന്നാല്‍ ഗുരുതര രോഗമുള്ളവരെ മറ്റൊരു വിഭാഗമായി തരം തിരിച്ചിട്ടുണ്ട്.

എന്തൊക്കയാണ് അടിസ്ഥാന സൗകര്യങ്ങള്‍?

കോവിഡ് വാക്‌സിന്‍ വിതരണത്തിനായി 29,000 കോള്‍ഡ് ചെയിന്‍ മേഖലകള്‍ തയ്യാറാക്കിയിട്ടുണ്ട്. 240 വാക്ക് ഇന്‍ കൂളറുകള്‍, 70 ഫ്രീസറുകള്‍, 45,000 റഫ്രിഡ്ജിറേറ്ററുകള്‍, 41,000 ഡീപ്പ് ഫ്രീസറുകള്‍, 300 സോളാര്‍ റഫ്രിഡ്ജിറേറ്ററുകള്‍ എന്നിവയടങ്ങിയതാണ് ശീതീകരണ സംവിധാനം.

ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാല വികസിപ്പിച്ച് ഇന്ത്യന്‍ കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വിതരണം ചെയ്യുന്ന ‘കോവിഷീല്‍ഡിനാണ്’ രാജ്യം മുന്‍ഗണന നല്‍കുന്നത്. ഹൈദരാബാദ് ആസ്ഥാനമായി ഭാരത് ബയോടെക്കിന്റെ ‘കോവാകസിനും അടിയന്തര സാഹചര്യങ്ങളില്‍ പ്രയോജനപ്പെടുത്തും.

എങ്ങനെ ലഭ്യമാകും?

വാക്‌സിന്‍ എങ്ങനെ ലഭ്യമാകും എന്നതാണ് ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രധാന സംശയം. താരതമ്യേന ദരിദ്രര്‍ക്ക് എങ്ങനെ വാക്‌സിന്‍ ലഭ്യമാകും എന്നത് സംബന്ധിച്ചാണ് കൂടുതല്‍ ചോദ്യങ്ങളുയര്‍ന്നത്. രജിസ്‌ട്രേഷനിലൂടെയാകും സാധാരണക്കാര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുക. ഇപ്പോൾ കൂത്തിവയ്പ്പ് സ്വീകരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങൾ സര്‍ക്കാര്‍ മുമ്പുതന്നെ ശേഖരിച്ചവയാണ്. അതിനാല്‍ അവര്‍ക്ക് രജിസ്‌ട്രേഷന്‍ ആവശ്യമില്ല.

കോ-വിന്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെ രജിസ്‌ട്രേഷന്‍ നടപടികള്‍ നടത്താനാണ് ലക്ഷ്യം. ആപ്പ് ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഗുരുതര രോഗബാധിതരാകും ആപ്പില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുക.

എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

കോ-വിന്‍ ആപ്ലിക്കേഷന്‍ ആരംഭിച്ചതിന് ശേഷം നിങ്ങള്‍ക്ക് മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. അല്ലെങ്കില്‍ കോ-വിന്‍ പോര്‍ട്ടലില്‍ പ്രവേശിച്ചും രജിസ്‌ട്രേഷന്‍ സാധ്യമാക്കാം. നിങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും ഫോട്ടോയും നല്‍കേണ്ടതുണ്ട്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പരിലേക്ക് മെസ്സേജ് ലഭിക്കുന്നു. തുടര്‍ന്ന് കുത്തിവയ്പ് സംബന്ധിച്ച ദിവസം, സമയം തുടങ്ങിയ വിശദാംശങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. ഫോട്ടോ അപ്‌ലോഡ് ചെയ്തില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ സാധ്യമാകില്ല.

ഏതൊക്കെ രേഖകള്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം?

രജിസ്‌ട്രേഷനായി നിങ്ങളുടെ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ ഐഡി എന്നിവയില്‍ ഏതെങ്കിലും നല്‍കാം. ഇവ കൂടാതെ പാസ്‌പോര്‍ട്ട്, പെന്‍ഷന്‍ രേഖകള്‍, ബാങ്ക് പാസ് ബുക്ക് ഉള്‍പ്പെടെ ഉപയോഗിക്കാം.

രജിസ്‌ട്രേഷന് ശേഷം വാക്‌സിനേഷന് എത്തുമ്പോള്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി നിങ്ങളുടെ ഫോട്ടോ തിരിച്ചറിയല്‍ രേഖ പരിശോധിക്കും. തുടര്‍ന്നാവും കുത്തിവയപ്പ് നടത്തുക.

കുത്തിവയ്പ്പിന് ശേഷം എന്ത്?

രണ്ട് ഡോസുകളായാണ് മരുന്ന് കുത്തിവയ്ക്കുന്നത്. ഒന്നാമത്തെ കുത്തിവയ്പ്പിന് ശേഷം 30 മിനിട്ട് നിങ്ങളെ നിരീക്ഷണ വിധേയമാക്കും. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും കാണിക്കുന്നില്ലെന്ന് കണ്ടാല്‍ മാത്രമേ പോകാന്‍ അനുവദിക്കുകയുള്ളൂ. ആദ്യത്തെ ഡോസിന് ശേഷം 28 ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് സ്വീകരിക്കാം. എസ്.എം.എസ്സിലൂടെ ഇത് നിങ്ങളെ അറിയിക്കും. മരുന്ന് കുത്തിവച്ചതിന് ശേഷം 14 ദിവസത്തിനകം ആന്റിബോഡികള്‍ ശരീരത്തില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് കണ്ടെത്തല്‍. ഇതോടെ വാക്‌സിനേഷന്‍ പ്രക്രിയ പൂര്‍ത്തിയാകും.

Share this story