കാർഷിക നിയമഭേദഗതി പഠിക്കാൻ വിദഗ്ധ സമിതി; കോടതിക്ക് ക്ലാസെടുക്കരുതെന്ന് കേന്ദ്രത്തോട് ചീഫ് ജസ്റ്റിസ്

കാർഷിക നിയമഭേദഗതി പഠിക്കാൻ വിദഗ്ധ സമിതി; കോടതിക്ക് ക്ലാസെടുക്കരുതെന്ന് കേന്ദ്രത്തോട് ചീഫ് ജസ്റ്റിസ്

കാർഷിക നിയമഭേദഗതിയെ കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയമിക്കണമെന്ന സുപ്രീം കോടതി നിർദേശം കേന്ദ്രസർക്കാർ അംഗീകരിച്ചു. നിയമം സ്‌റ്റേ ചെയ്യുമെന്ന നിലപാടിൽ ചീഫ് ജസ്റ്റിസ് ഉറച്ചുനിന്നതോടെയാണ് വിദഗ്ധസമിതി രൂപീകരിക്കാമെന്ന് കേന്ദ്രം സമ്മതിച്ചത്

വിദഗ്ധ സമിതിയിലേക്ക് പേര് നൽകാനായി ഒരു ദിവസത്തെ സമയം കേന്ദ്രം ആവശ്യപ്പെട്ടു. അതേസമയം ഇപ്പോൾ നടത്തുന്ന സമരത്തിന്റെ വേദി മാറ്റാൻ കോടതി കർഷകരോട് ആവശ്യപ്പെട്ടു. മുതിർന്നവരും സ്ത്രീകളും കുട്ടികളും സമരത്തിൽ നിന്ന് പിൻമാറണമെന്നും കോടതി നിർദേശിച്ചു.

സമരം ചെയ്യുന്ന കർഷകരെ ഇക്കാര്യങ്ങൾ അറിയിച്ച ശേഷം മറുപടി അറിയിക്കാമെന്ന് ചുമതലപ്പെടുത്തിയ അഭിഭാഷകർ പറഞ്ഞു. ഹർജികളിൽ ഉത്തരവ് എന്തായാലും ഉണ്ടാകുമെന്ന് കോടതി വ്യക്തമാക്കി.

സമരത്തെ നേരിട്ട സർക്കാർ നടപടികൾക്കെതിരെ കോടതി രംഗത്തുവന്നു. ഏതെങ്കിലും തരത്തിലുള്ള രക്തച്ചൊരിച്ചിലുണ്ടായാൽ ആരാകും ഉത്തരവാദിയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. എന്തുവില കൊടുത്തും നിയമങ്ങൾ നടപ്പാക്കാണമെന്ന നിർബന്ധം പിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഈ അവസാന നിമിഷത്തിലും ചോദിച്ചിട്ട് നിങ്ങൾക്ക് മറുപടിയില്ല.

നിങ്ങൾക്കൊരു നീണ്ട സമയം തന്നു. തിടുക്കപ്പെട്ട് ഉത്തരവിറക്കരുതെന്ന് ഞങ്ങൾക്ക് ക്ലാസ് എടുക്കാൻ നിൽക്കരുത്. എപ്പോൾ ഉത്തരവിറക്കണമെന്ന് ഞങ്ങൾ തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അറ്റോർണി ജനറലിനോടായി പറഞ്ഞു.

Share this story