കൊവിഡ് വാക്‌സിൻ: ആദ്യ ഘട്ടത്തിന്റെ ചെലവ് കേന്ദ്രം വഹിക്കും

കൊവിഡ് വാക്‌സിൻ: ആദ്യ ഘട്ടത്തിന്റെ ചെലവ് കേന്ദ്രം വഹിക്കും

കൊവിഡ് വാക്‌സിനുകൾ കമ്പനികളിൽ നിന്ന് കേന്ദ്രം വാങ്ങി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആദ്യഘട്ടത്തിൽ വാക്‌സിൻ വിതരണം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് മുന്നണി പോരാളികൾക്കും വാക്‌സിന്റെ ചെലവ് കേന്ദ്രസർക്കാർ വഹിക്കും. മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്

ഇപ്പോൾ വിതരണത്തിനുള്ള വാക്‌സിനുകൾ വില കുറഞ്ഞതും സുരക്ഷിതവുമാണ്. ശനിയാഴ്ച മുതൽ വാക്‌സിൻ നൽകി തുടങ്ങും. അമ്പത് വയസ്സിന് മുകളിലുള്ളവർക്ക് രണ്ടാംഘട്ട വാക്‌സിൻ നൽകും. ആദ്യഘട്ടത്തിൽ മൂന്ന് കോടിയോളം വരുന്ന മുന്നണി പോരാളികൾക്കാണ് വാക്‌സിൻ നൽകുക.

സംസ്ഥാന സർക്കാർ വാക്‌സിനുകൾ സ്വന്തമായി വാങ്ങുകയാണെങ്കിൽ കമ്പനികളുമായി വില നിർണയത്തിൽ ചില പ്രശ്‌നങ്ങൾ നേരിടേണ്ടതായി വന്നേക്കാം. കേന്ദ്രസർക്കാർ തന്നെ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതാണ് നല്ലതെന്നും പ്രധാനമന്ത്രി പറഞ്ഞു

വാക്‌സിൻ കുത്തിവെപ്പിന്റെ തൽസമയ ഡാറ്റ അനിവാര്യമാണ്. എല്ലാവർക്കും ഡിജിറ്റൽ ജെനറേറ്റഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നൽകും. ഇത് ഡാറ്റ ഉറപ്പാക്കുകയും രണ്ടാമത്തെ ഡോസിനായി അറിയിപ്പ് നൽകാൻ സഹായിക്കുകയും ചെയ്യും.

Share this story