കർഷക പ്രക്ഷോഭം: സുപ്രീം കോടതി നിയോഗിച്ച നാലംഗ സമിതിയിൽ നിന്ന് ഭൂപീന്ദർ സിംഗ് മൻ പിൻമാറി

കർഷക പ്രക്ഷോഭം: സുപ്രീം കോടതി നിയോഗിച്ച നാലംഗ സമിതിയിൽ നിന്ന് ഭൂപീന്ദർ സിംഗ് മൻ പിൻമാറി

കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പഠിക്കുന്നതിനായി സുപ്രീം കോടതി നിയോഗിച്ച നാലംഗ സമിതിയിൽ നിന്ന് ഭൂപീന്ദർ സിംഗ് മൻ പിൻമാറി. കർഷകരുടെയും ജനങ്ങളുടെയും വികാരം മാനിച്ചാണ് പിൻമാറ്റമെന്ന് അദ്ദേഹം അറിയിച്ചു. കർഷകരുടെയോ പഞ്ചാബിന്റെയോ താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഭൂപീന്ദർ സിംഗ് അറിയിച്ചു.

കർഷകനെന്ന നിലയിലും യൂനിയൻ നേതാവെന്ന നിലയിലും കർഷക സംഘടനകളിലും പൊതുജനങ്ങളിലും പൊതുവെ നിലനിൽക്കുന്ന വികാരങ്ങളും ആശങ്കകളും കണക്കിലെടുത്ത് പഞ്ചാബിന്റെയും കർഷകരുടെയും താത്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കാൻ വാഗ്ദാനം ചെയ്ത സ്ഥാനത്ത് നിന്ന് പിൻമാറുകയാണ്. എല്ലായ്‌പ്പോഴും കർഷകർക്കൊപ്പമായിരിക്കുമെന്നും പ്രസ്താവനയിൽ അദ്ദേഹം അറിയിച്ചു.

ഭാരതീയ കിസാൻ യൂനിയൻ, അഖിലേന്ത്യാ കിസാൻ കോർഡിനേഷൻ കമ്മിറ്റി എന്നിവയുടെ ദേശീയ പ്രസിഡന്റാണ് ഭൂപീന്ദർ സിംഗ് മൻ. ഇദ്ദേഹമടക്കം സുപ്രീം കോടതി നിയമിച്ച സമിതിയിലെ നാല് പേരും കാർഷിക നിയമത്തെ പിന്തുണക്കുന്നവരാണെന്ന് കർഷക സംഘടനകൾ ആരോപിച്ചിരുന്നു. സമിതിയുമായി സഹകരിക്കില്ലെന്നും സംഘടനകൾ വ്യക്തമാക്കിയിരുന്നു. ഡോ. പ്രമോദ് കുമാർ ജോഷി, അലോക് ഗുലാത്തി, അനിൽ ഘൻവാത് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ

Share this story