വകഭേദം വന്ന കോവിഡിനെയും നിര്‍വീര്യമാക്കാന്‍ കോവാക്‌സിന്‍ ഫലപ്രദമെന്ന് പഠന റിപ്പോര്‍ട്ട്

വകഭേദം വന്ന കോവിഡിനെയും നിര്‍വീര്യമാക്കാന്‍ കോവാക്‌സിന്‍ ഫലപ്രദമെന്ന് പഠന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: വകഭേദം വന്ന കോവിഡിനെയും നിര്‍വീര്യമാക്കാന്‍ ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ ഫലപ്രദമെന്ന് പഠന റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബ്രിട്ടനില്‍ പടരുന്ന ജനിതക മാറ്റം വന്ന കോവിഡ് ബാധിച്ചവരില്‍ കോവാക്സിന്‍ നല്‍കിയ ശേഷം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഭാരത് ബയോടെക്കും ഐസിഎംആറും നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് കോവാക്സിന്‍ നിര്‍മ്മിച്ചത്. മറ്റു വാക്സിനുകളെ അപേക്ഷിച്ച് മ്യൂട്ടേഷന്‍ സംഭവിച്ച വൈറസിനെ നേരിടാന്‍ കോവാക്സിന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞതായി ഐസിഎംആര്‍ ഡയറക്ടര്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. പുതിയ വൈറസ് വകഭേദത്തെയും കോവാക്സിന്‍ നിര്‍വീര്യമാക്കുന്നുവെന്ന് തെളിഞ്ഞതായാണ് ഐസിഎംആര്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി, ആസ്ട്ര സെനക്ക, പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ സംയുക്തമായി നിര്‍മ്മിച്ച കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ എന്നിവയ്ക്കാണ് ഇന്ത്യയില്‍ വിതരണത്തിന് അനുമതി നല്‍കിയിട്ടുള്ളത്.

Share this story