പാർലമെന്റ് മാർച്ചിൽ നിന്നും കർഷക സംഘടനകൾ പിൻമാറി; ജനുവരി 30ന് ഉപവാസവും ജനസഭയും

പാർലമെന്റ് മാർച്ചിൽ നിന്നും കർഷക സംഘടനകൾ പിൻമാറി; ജനുവരി 30ന് ഉപവാസവും ജനസഭയും

റിപബ്ലിക് ദിനത്തിൽ കർഷക സംഘടനകൾ നടത്തിയ ട്രാക്ടർ റാലി അനിഷ്ട സംഭവങ്ങളിൽ കലാശിച്ചതോടെ നേരത്തെ പ്രഖ്യാപിച്ചിരുന്ന പാർലമെന്റ് മാർച്ചിൽ നിന്ന് കർഷക സംഘടനകൾ പിൻമാറി. ജനുവരി 26ന് നടന്ന ട്രാക്ടർ റാലിക്കിടെ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 200 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

22 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചെങ്കോട്ടയിലടക്കം പൊതു സ്വകാര്യ സ്വത്തുക്കൾ നശിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. അക്രമത്തിൽ മൂന്നൂറോളം പോലീസുകാർക്ക് പരുക്കേറ്റതായും ഡൽഹി പോലീസ് പറയുന്നുണ്ട്. അക്രമത്തിന് ആഹ്വാനം ചെയ്ത 550 അക്കൗണ്ടുകളുടെ പ്രവർത്തനം ട്വിറ്റർ മരവിപ്പിച്ചു.

റാലി അക്രമാസക്തമായതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സമരം തുടരുമെന്നും സിംഘുവിൽ ചേർന്ന സംയുക്ത കിസാൻ മോർച്ച നേതാക്കൾ അറിയിച്ചു. പാർലമെന്റ് മാർച്ചിന് പകരം ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് ഉപവാസവും ജനസഭയും നടത്തും. അക്രമത്തിന് പിന്നിൽ ആർ എസ് എസ്, ബിജെപി ഏജന്റുമാരാണെന്ന് നേതാക്കൾ ആരോപിച്ചു.

Share this story