കർഷകർക്കെതിരായ സന്നാഹം ലഡാക്കിലായിരുന്നുവെങ്കിൽ ചൈനയെ തടയാമായിരുന്നുവെന്ന് ശിവസേന

കർഷകർക്കെതിരായ സന്നാഹം ലഡാക്കിലായിരുന്നുവെങ്കിൽ ചൈനയെ തടയാമായിരുന്നുവെന്ന് ശിവസേന

കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന. റിപബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന പ്രക്ഷോഭത്തിനിടെ കർഷകർ ദേശീയപതാകയെ അപമാനിച്ചിട്ടില്ലെന്ന് ശിവസേന പറഞ്ഞു. ദേശീയ പതാകയെ അപമാനിച്ചതു കണ്ട് രാജ്യം ഞെട്ടിപ്പോയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ വിമർശിച്ച് സാമ്‌നയിൽ എഴുതിയ മുഖപ്രസംഗത്തിലാണ് ശിവസേന ഇക്കാര്യം പറയുന്നത്

കർഷകർ ഡൽഹിയിലേക്ക് കടക്കുന്നത് തടയാൻ വൻ സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയ നടപടിയെയും ശിവസേന വിമർശിക്കുന്നു. ഇത്രയും സജ്ജീകരണങ്ങൾ ലഡാക്കിൽ ഒരുക്കിയിരുന്നുവെങ്കിൽ ചൈനീസ് സൈന്യം നമ്മുടെ രാജ്യത്തേക്ക് കടന്നു കയറില്ലായിരുന്നു. ഇന്ത്യയുടെ മണ്ണിൽ ചൈനീസ് സൈന്യം കയറിയതാണ് ദേശീയപതാകക്ക് അപമാനമെന്നും ശിവസേന പറഞ്ഞു

ബിജെപിയുടെ സൈബർ ആർമിയേക്കാൾ രാജ്യസ്‌നേഹമുള്ളവരാണ് കർഷകർ. അതുകൊണ്ടാണ് റിപബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയിൽ തങ്ങളുടെ ട്രാക്ടറുകളിൽ അവർ ദേശീയ പതാക സ്ഥാപിച്ചത്. കർഷകരെ റോഡിൽ മരിക്കാൻ അനുവദിക്കുന്നത് ദേശീയ പതാകയെ അപമാനിക്കലാണെന്നും ശിവസേന പറയുന്നു.

Share this story