ട്വിറ്ററിനെതിരെ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ദേസി ആപ്പ് കൂവില്‍ ചേരാന്‍ ആഹ്വാനം

ട്വിറ്ററിനെതിരെ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ദേസി ആപ്പ് കൂവില്‍ ചേരാന്‍ ആഹ്വാനം

ട്വിറ്ററിനെ പൂട്ടാന്‍ കേന്ദ്രത്തിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്, ദേസി ആപ്പ് കൂവില്‍ ചേരാന്‍ ആഹ്വാനം .ഇതിലൂടെ ട്വിറ്ററിന് ശക്തമായി തിരിച്ചടി നല്‍കിയിരിക്കുകയാണ് ഇന്ത്യ. കാര്‍ഷിക സമരത്തിന്റെ പശ്ചാത്തലത്തില്‍ 1178 അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന കേന്ദ്രത്തിന്റെ നിര്‍ദ്ദേശം നിരാകരിച്ച ട്വിറ്ററിനെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നീക്കവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ട്വിറ്ററിന് ബദലായുള്ള തദ്ദേശിയ ആപ്പായ കൂവില്‍ ചേരാന്‍ ബി.ജെ.പി നേതാക്കള്‍ ആഹ്വാനം ചെയ്തു. ട്വിറ്ററിലൂടെ തന്നെയാണ് പുതിയ ആപ്പില്‍ ചേരാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്യുന്നത്. നടി കങ്കണ റണാവത്ത് കൂ ആപ്പില്‍ ചേരുന്നതായി അറിയിച്ചു. ട്വിറ്ററിനെതിരായ വിമര്‍ശനം സര്‍ക്കാര്‍ കൂ ആപ്പില്‍ പോസ്റ്റ് ചെയ്തു.

അഭിപ്രായ സ്വാതന്ത്ര്യത്തിലും ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള പൗരന്‍മാരുടെ അവകാശത്തിലും നിലപാട് വ്യക്തമാക്കിയതോടെയാണ് ട്വിറ്ററിനെതിരെയുള്ള പുതിയ നീക്കം. ചര്‍ച്ച നടന്നുകൊണ്ടിരിക്കേ ട്വിറ്റര്‍ നടത്തിയ പ്രതികരണം അസാധാരണമാണെന്നായിരുന്നു കേന്ദ്ര ഐടി മന്ത്രാലയം പ്രതികരിച്ചത്. സര്‍ക്കാരുമായി ചര്‍ച്ചക്ക് ട്വിറ്റര്‍ സമയം തേടിയിരുന്നു. ഐടി സെക്രട്ടറി ട്വിറ്റര്‍ പ്രതിനിധികളെ കാണാനിരിക്കുമ്പോഴാണ് പ്രതികരണമെന്നും ഇത് അസാധാരണമാണെന്നും മന്ത്രാലയം വിശദീകരിച്ചു.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു, പാകിസ്ഥാന്‍ ഖലിസ്ഥാന്‍ ബന്ധം എന്നിവ ചൂണ്ടിക്കാട്ടി 1178 അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തില്‍ ഒരു വിഭാഗം അക്കൗണ്ടുകള്‍ മാത്രമാണ് ട്വിറ്റര്‍ മരവിപ്പിച്ചത്. നടപടിക്ക് വിധേയമായ അക്കൗണ്ടുകള്‍ ഇന്ത്യക്ക് പുറത്ത് ലഭ്യമാകുമെന്നും ട്വിറ്റര്‍ പറഞ്ഞു.

Share this story