പുല്‍വാമയില്‍ രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്മാരുടെ ഓര്‍മകള്‍ക്ക് രണ്ട് വയസ്

പുല്‍വാമയില്‍ രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്മാരുടെ ഓര്‍മകള്‍ക്ക് രണ്ട് വയസ്

പുല്‍വാമയില്‍ രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്മാരുടെ ഓര്‍മകള്‍ക്ക് ഇന്ന് രണ്ട് വയസ്. 2019 ഫെബ്രുവരി 14 നാണ് കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ പാക്ക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദ് ചാവേറാക്രമണം നടത്തിയത്. വയനാട് ലക്കിടി സ്വദേശി വി.വി.വസന്തകുമാര്‍ ഉള്‍പ്പെടെ 40 ജവാന്മാരാണ് അന്ന് വീരമൃത്യു വരിച്ചത്.

2019 ഫെബ്രുവരി 14ന് ഉച്ച കഴിഞ്ഞ് 3.15നായിരുന്നു പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ ചാവേര്‍ ആക്രമണമുണ്ടായത്. 78 വാഹനങ്ങളിലായി 2547 സിആര്‍പിഎഫ് ജവാന്മാര്‍ ജമ്മുവില്‍ നിന്ന് ശ്രീനഗറിലേയ്ക്ക് പോകുമ്പോള്‍, ദേശീയപാതയില്‍ പുല്‍വാമ ജില്ലയിലെ അവന്തിപ്പുരയ്ക്കു സമീപമായിരുന്നു ആക്രമണം. പുല്‍വാമ കാകപോറ സ്വദേശി ആദില്‍ അഹമ്മദ് എന്ന ചാവേര്‍ ഓടിച്ച കാറില്‍ 100 കിലോഗ്രാം സ്‌ഫോടക വസ്തുക്കളാണുണ്ടായിരുന്നത്. ഉഗ്രസ്‌ഫോടനത്തില്‍ കാറും ബസും തിരിച്ചറിയാനാവാത്തവിധം തകര്‍ന്നു. മൃതദേഹങ്ങള്‍ 100 മീറ്റര്‍ ചുറ്റുവട്ടത്ത് ചിതറിത്തെറിച്ചു.

പിന്നാലെയെത്തിയ ബസുകള്‍ക്കും സ്‌ഫോടനത്തില്‍ കേടുപറ്റി. പൂര്‍ണമായി തകര്‍ന്ന 76 ാം ബറ്റാലിയന്റെ ബസില്‍ 40 പേരാണുണ്ടായിരുന്നത്. വാഹനവ്യൂഹത്തിന് നേരെ വെടിവയ്പുമുണ്ടായി. വസന്തകുമാര്‍ 82ാം ബറ്റാലിയനിലെ ജവാനായിരുന്നു. പിന്നീട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു.

ലോക്‌സഭാ തെരഞ്ഞടുപ്പിന് രണ്ട് മാസം മുന്‍പായിരുന്നു ആക്രമണമെന്നതുകൊണ്ടുതന്നെ രാഷ്ട്രീയമായും സംഭവം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പന്ത്രണ്ടാം ദിനമാണ് തിരിച്ചടിയായി പാകിസ്താനിലെ ബാലാക്കോട്ടിലുള്ള ഭീകരപരിശീലന കേന്ദ്രം ഇന്ത്യ മിന്നലാക്രമണത്തില്‍ തകര്‍ത്തത്.

Share this story