കേരളത്തില്‍ കോവിഡ്‌ കൂടുന്നു; അടിയന്തര യോഗം വിളിച്ച്‌ പ്രധാനമന്ത്രി

കേരളത്തില്‍ കോവിഡ്‌ കൂടുന്നു; അടിയന്തര യോഗം വിളിച്ച്‌ പ്രധാനമന്ത്രി

കേരളത്തിലും, മഹാരാഷ്ട്രയിലും കോവിഡ്‌ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ച്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌. രാജ്യത്ത്‌ കോവിഡ്‌ കുറയുന്ന ഘട്ടത്തിലും അഞ്ച്‌ സംസ്ഥാനങ്ങളില്‍ കേസുകള്‍ ഉയരുകയാണ്‌. നിലവില്‍ ഒന്നര ലക്ഷം പേരാണ്‌ രാജ്യത്ത്‌ കോവിഡ്‌ ബാധിച്ച്‌ ചികില്‍സയിലുളളത്‌.

രാജ്യത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്ന കോവിഡ്‌ കേസുകളുടെ 38ശതമാനവും കേരളത്തിലാണ്‌. മാഹാരാഷ്ട്രയില്‍ 37ശതമാനവും. 4023 പേര്‍ക്കാണ്‌ കേരളത്തില്‍ ഇന്ന്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. ടെസ്റ്റ്‌ പൊസിറ്റിവിറ്റി നിരക്ക്‌ ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്‌ ഇരുസംസ്ഥാനങ്ങളിലും. ഈ സാഹചര്യത്തിലാണ്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ അടിയന്തര യോഗം വിളിച്ചത്‌.

21 കോടി കോവിഡ്‌ ടെസ്റ്റുകള്‍ രാജ്യത്ത്‌ നടത്തിയെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ്‌ വര്‍ധന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരു കോടിയിലധികം പേര്‍ക്ക്‌ രാജ്യത്ത്‌ കോവിഡ്‌ വാക്‌സിന്‍ നല്‍കിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ബ്രിട്ടണില്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത കോവിഡ്‌ വൈറസിന്റെ പുതിയ വകഭേദം കാര്യമായ പ്രതിസന്ധി സൃഷ്ടിച്ചില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

പതിനായിരം സര്‍ക്കാര്‍ ആശുപത്രികളിലെയും, 2000 സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇതിനോടകം കോവിഡ്‌ വാക്‌സിന്‍ നല്‍കിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Share this story