ലൈംഗിക ആരോപണം: കര്‍ണാടക മന്ത്രി ജാര്‍കിഹോളി രാജിവച്ചു

ലൈംഗിക ആരോപണം: കര്‍ണാടക മന്ത്രി ജാര്‍കിഹോളി രാജിവച്ചു

ജോലി വാഗ്ദാനം ചെയ്ത് യുവതിയ പീഡിപ്പിച്ച സംഭവത്തില്‍ കര്‍ണാടക ജലവിഭവ വകുപ്പ് മന്ത്രി രമേശ് ജാര്‍കിഹോളി രാജിവച്ചു. ഒരു യുവതിയുമൊത്തുളള മന്ത്രിയുടെ ചിത്രങ്ങളടങ്ങിയ സി.ഡി. പുറത്തുവന്ന സാഹചര്യത്തിലാണ് രാജി. രമേശ് ജാര്‍കിഹോളിയും ഒരു അജ്ഞാത വനിതയുമൊത്തുള്ള വീഡിയോ ക്ലിപ്പുകള്‍ കന്നഡ ചാനലുകള്‍ ഇന്ന് വ്യാപകമായി കാണിച്ചിരുന്നു.

തനിക്കെതിരായ ആരോപണങ്ങള്‍ സത്യത്തില്‍നിന്ന് ഏറെ ദൂരെയാണെന്നും ഒരു വ്യക്തമായ അന്വേഷണം വേണമെന്നും ധാര്‍മികതയുടെ അടിസ്ഥാനത്തിലാണ് രാജിയെന്നും ജാര്‍കിഹോളി പറഞ്ഞു. നിരപരാധിയാണന്നും ഇക്കാര്യത്തില്‍ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജാര്‍കിഹോളിയുടെ രാജി സ്വീകരിച്ച മുഖ്യമന്ത്രി വൈ.എസ്.യദ്യൂരപ്പ, രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറുകയും ചെയ്തു.

സാമൂഹ്യ പ്രവര്‍ത്തകന്‍ ദിനേശ് കാലഹളളിയാണ് മന്ത്രിയും യുവതിയുമൊത്തുള്ള വീഡിയോ പുറത്തുവിട്ടത്. കെ.പി.ടി.സി.എല്‍. ( കര്‍ണാടക പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് )ല്‍ ജോലി വാഗ്ദാനം ചെയ്ത് മന്ത്രി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തു എന്നാണ് ആരോപണം. സി.ഡി ബംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഇദ്ദേഹം കൈമാറി. ദിനേഷ് കല്ലഹളളി രമേഷ് ജാര്‍ക്കിഹോളിക്കെതിരെ നല്‍കിയ പരാതി സ്വീകരിച്ചെന്ന് ബംഗളൂരു സെന്‍ട്രല്‍ ഡി.സി.പി. അനുചേത് പറഞ്ഞു.

വടക്കന്‍ കര്‍ണാടകയിലെ ബെല്‍ഗാവിയില്‍ നിന്നുളള ശക്തനായ നേതാവാണ് രമേശ് ജാര്‍ക്കിഹോളി. യാഥാര്‍ഥ്യമെന്തെന്നറിയാതെ പ്രതികരിക്കാനില്ലെന്നാണ് കര്‍ണാടക ഉപമുഖ്യമന്ത്രി സി.എന്‍.അശ്വത് നാരായണ്‍ പറഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ നിയമപരമായി അന്വേഷണം നടത്തുമെന്നും പാര്‍ട്ടി ഉചിതമായ നടപടിയെടുക്കുമെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി ബി.ബൊമ്മൈ പറഞ്ഞു.

സി.ഡി. പുറത്തുവന്നതിനെ തുടര്‍ന്ന് ആരോപണങ്ങള്‍ സത്യമാണോ എന്ന് ആദ്യം അന്വേഷിക്കും. ശരിയാണെങ്കില്‍ ശക്തമായ നടപടി പാര്‍ട്ടി എടുക്കുമെന്ന് കര്‍ണാടകയുടെ ചുമതലയുളള കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു.

Share this story