നിയന്ത്രണങ്ങളില്‍ മാറ്റം; സുപ്രീം കോടതിയില്‍ നേരിട്ട്‌ ഹാജരാകാം

നിയന്ത്രണങ്ങളില്‍ മാറ്റം; സുപ്രീം കോടതിയില്‍ നേരിട്ട്‌ ഹാജരാകാം

മാസങ്ങൾക്ക് ശേഷം മാര്‍ച്ച്‌ 15 മുതല്‍ കോടതിയില്‍ നേരിട്ട്‌ ഹാജരാകാമെന്ന്‌ സുപ്രീം കോടതി. ലോക്‌ഡൗണിനെ തുടര്‍ന്ന്‌ നിലവില്‍ വന്ന പ്രത്യക നടപടി ക്രമത്തില്‍ (standared operating procedure ) മാറ്റം വരുത്തി. അഭിഭാഷകരുടെയും, ഹര്‍ജിക്കാരുടെയും നിരന്തര ആവശ്യം പരിഗണിച്ചാണ്‌ നടപടി. കോവിഡ്‌ വ്യാപനത്തെ തുടര്‍ന്ന്‌ വീഡിയോ കോണ്‍ഫറന്‍സിങ്‌ വഴി ലോകത്ത്‌ ഏറ്റവും കൂടുതല്‍ കേസുകള്‍ പരിഗണിച്ച സുപ്രീം കോടതിയാണ്‌ ഇന്ത്യയിലേത്‌.

ആഴ്‌ചയില്‍ ചൊവ്വ,ബുധന്‍,വ്യാഴം ദിവസങ്ങളില്‍ കോടതിയില്‍ നേരിട്ട്‌ ഹാജരാകാം. കോടതി മുറിക്കുളളില്‍ നിശ്ചിത അകലം പാലിച്ച്‌ ഇരിപ്പിടങ്ങള്‍ സജ്ജമാക്കും. അഭിഭാഷകരും, കേസുമായി ബന്ധപ്പെട്ടവരും മാത്രമേ മുറിക്കുളളില്‍ ഹാജരാകാന്‍ പാടുളളൂ. തിങ്കള്‍,വെളളി ദിവസങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സിങ്‌ വഴി ആയിരിക്കും കേസ്‌ പരിഗണിക്കുക.

മാധ്യമ പ്രവര്‍ത്തകര്‍ക്കും കോടതി മുറിക്കുളളില്‍ പ്രവേശനം നല്‍കും. കോടതി അന്നേ ദിവസം പരിഗണിക്കുന്ന ഹര്‍ജിക്കാര്‍ക്ക്‌ എല്ലാം ഒരേ സമയം കോടതി മുറിക്കുളളില്‍ പ്രവേശനമില്ല. ഊഴമനുസരിച്ച്‌ മുറിയില്‍ പ്രവേശിക്കാം. നേരത്തെ സൂചിപ്പിച്ച പോലെ കോടതിയില്‍ നേരിട്ട്‌ ഹാജരാകാന്‍ അനുമതിയുളള ദിവസങ്ങളില്‍ ഉച്ചയ്‌ക്ക്‌ ഒരു മണിവരെ മാത്രമേ കേസ്‌ കോടതി പരിഗണിക്കുളളൂ. ലോകഡൗണിനെ തുടര്‍ന്ന്‌ കോടതിക്കുളളില്‍ പ്രവേശിക്കുന്നതിന്‌ നല്‍കിയിരുന്ന എന്‍ട്രി പാസുകള്‍ നിര്‍ത്തിവച്ചിരുന്നു. ഇതിന്‌ പകരം പ്രത്യക പാസുകള്‍ അടുത്ത ദിവസം മുതല്‍ നല്‍കി തുടങ്ങും. ഹര്‍ജി പരിഗണിക്കുന്ന സമയത്തിന്‌ 10 മിനിട്ട്‌ മുമ്പ്‌ മാത്രമേ കോടതിക്കുളളില്‍ കയറാന്‍ അനുവാദമുളളൂ.

മാസ്‌ക്‌, സാനിറ്റൈസര്‍ എന്നിവ കരുതണം. അകലം പാലിച്ച്‌ ഇരിക്കണം. കോവിഡ്‌ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

Share this story