കോവിഡ് ഭീതി; അതിർത്തിയടച്ചു

കോവിഡ് ഭീതി; അതിർത്തിയടച്ചു

ഭുവനേശ്വർ: ഛത്തിസ്​ഗഡിൽ കൊറോണ വൈറസ്​ കേസുകൾ ഗണ്യമായി ഉയർന്ന പശ്ചാത്തലത്തിൽ അവരുമായുള്ള അതിർത്തിയടച്ച്​ ഒഡീഷ. അതിർത്തി പ്രദേശങ്ങളിൽ പട്രോളിങ്​ ശക്​തമാക്കുകയും ചെയ്തിരിക്കുകയാണ്​. ഛത്തിസ്​ഗഡുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊറോണ വൈറസ്​ കേസുകൾ വർധിക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്​. ഇത്​ അയൽ സംസ്ഥാനത്ത്​ നിന്നും ഒഡീഷയിലേക്ക്​ പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് റിപ്പോർട്ട്​ നിർബന്ധമാക്കിയുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ ഭരണകൂടത്തെ പ്രേരിപ്പിച്ചതായും മുതിർന്ന ഉദ്യോഗസ്ഥർ പറയുകയുണ്ടായി.

പടിഞ്ഞാറൻ ജില്ലകളായ കാലഹന്ദി, നുവാപട എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ചീഫ് സെക്രട്ടറി എസ്‌സി മോഹപത്ര, ബോധവൽക്കരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കണമെന്നും ആവശ്യങ്ങളും മുന്നറിയിപ്പുകളും നൽകിയിട്ടും ആരോഗ്യ പ്രോട്ടോക്കോളുകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ആളുകൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയുണ്ടായി​.

”രണ്ട് മൂന്ന് ദിവസത്തേക്ക് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിയ ശേഷം കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കാത്തവരോട്​ ഒരു ദയയും കാണിക്കരുത്. അണുബാധ പടരാതിരിക്കാൻ മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണെന്ന് ആളുകൾ മനസ്സിലാക്കട്ടെ, ” -നുവാപഡ ജില്ലയിൽ നടന്ന അവലോകന യോഗത്തിൽ ചീഫ് സെക്രട്ടറി പറഞ്ഞു.

എന്നാൽ അതേസമയം മാസ്​ക്​ ധരിക്കാത്തതിനുള്ള പിഴ നിരക്ക് ഇരട്ടിയാക്കാൻ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് ഭരണകൂടത്തിന് നിർദേശം നൽകിയിരിക്കുകയാണ്. ആദ്യ രണ്ട് നിയമലംഘനങ്ങൾക്ക് ആളുകൾക്ക് 2,000 രൂപ വരെ പിഴയൊടുക്കേണ്ടിവരും, തുടർന്നുള്ള ലംഘനങ്ങൾക്ക് പിഴ 5,000 രൂപയായി ഉയരും.

Share this story