പരീക്ഷകൾ മാറ്റി; ഫൈവ് സ്റ്റാർ ഹോട്ടലുകൾ കോവിഡ് ആശുപത്രികളാക്കും

പരീക്ഷകൾ മാറ്റി; ഫൈവ് സ്റ്റാർ ഹോട്ടലുകൾ കോവിഡ് ആശുപത്രികളാക്കും

മുംബൈ: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ 10, 12 ക്ലാസുകളിലേക്കുള്ള പരീക്ഷകൾ മാറ്റിവച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മേയ് അവസാനത്തോടെയും പത്താം ക്ലാസ് പരീക്ഷ ജൂൺ മാസത്തിലും നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വർഷ ഗൈക്വാദ് പറഞ്ഞു. നിലവിലെ സാഹചര്യങ്ങൾ പരീക്ഷ നടത്താൻ അനുയോജ്യമല്ലെന്നും വിദ്യാർഥികളുടെ ആരോഗ്യമാണ് തങ്ങളുടെ മുൻ‌ഗണനയെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

കോവിഡ് കേസുകൾ കുതിച്ചുയരുന്നതിനാൽ മുംബൈയിൽ അടുത്ത അഞ്ചോ ആറോ ആഴ്ചയ്ക്കുള്ളിൽ മൂന്ന് ജംബോ ഫീൽഡ് ആശുപത്രികൾ ആരംഭിക്കുമെന്നും ഫോർ സ്റ്റാർ, ഫെവ് സ്റ്റാർ ഹോട്ടലുകൾ കോവിഡ് കെയർ സെന്ററുകളാക്കി മാറ്റുമെന്നും ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) അറിയിച്ചു. നഗരത്തിലെ മൂന്ന് സ്ഥലങ്ങളിൽ ഈ സൗകര്യങ്ങൾ സ്ഥാപിക്കുമെന്നും 200 ഐസിയു കിടക്കകളും 70 ശതമാനം ഓക്സിജൻ കിടക്കകളും ഉൾപ്പെടെ 2,000 കിടക്കകൾ ഉണ്ടാകുമെന്നും ബിഎംസി മേധാവി ഇക്ബാൽ സിങ് ചഹാൽ പറഞ്ഞു.

നിർധനരായ രോഗികൾക്ക് കൂടുതൽ കിടക്കകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാർ റൂമുകളുടെയും ജംബോ ഫീൽഡ് ആശുപത്രികളുടെയും പ്രവർത്തനത്തിനായി നോഡൽ ഓഫിസർമാരെ നിയമിക്കാൻ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ കോവിഡ് രൂക്ഷമായി ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്ത് ഇന്നലെ 63,294 പുതിയ കേസുകളും 349 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ കേസുകൾ 34,07,245 ഉം മരണം 57,987 ഉം ആണ്.

Share this story