യു.പിയില്‍ കോവിഡ് കുതിച്ചുയരുന്നു; യോഗി ആദിത്യനാഥ് ഐസൊലേഷനില്‍

യു.പിയില്‍ കോവിഡ് കുതിച്ചുയരുന്നു; യോഗി ആദിത്യനാഥ് ഐസൊലേഷനില്‍

ഉത്തര്‍ പ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 18021 പേര്‍ക്ക്. യു.പിയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 3474 പേര്‍ രോഗമുക്തി നേടി. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 95,980 ആണ്. സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 6,18,293 ആണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണമാകട്ടെ 9,309 ആയി.

അതിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഐസൊലേഷനിലാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സ്വയം നിരീക്ഷണത്തില്‍ പോയത്. കോവിഡ് ബാധിച്ച ചിലരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ ഐസൊലേഷനില്‍ പോവുകയാണെന്നാണ് യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തത്. നിരീക്ഷണത്തിലിരിക്കെ മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുമെന്നും അദ്ദേഹം അറിയിച്ചു. 80 ലക്ഷം പേര്‍ക്ക് യു.പിയില്‍ കോവിഡ് വാക്സിന്‍ നല്‍കി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ട്.

ഏപ്രില്‍ 30 വരെ യു.പിയില്‍ സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. പ്രതിദിനം 100 കേസില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളില്‍ രാത്രി 9 മണി മുതല്‍ രാവിലെ 6 വരെ കര്‍ഫ്യു ഏര്‍പ്പെടുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 1,61,736 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായി മൂന്നാം ദിവസമാണ് ഒന്നരലക്ഷത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചത്. രോഗബാധ രൂക്ഷമായ മഹാരാഷ്ട്രയില്‍ 50,000ന് മുകളിലാണ് പ്രതിദിന കേസുകൾ. ഡൽഹിയിലെ 82 സ്വകാര്യ ആശുപത്രികളിലെ 60 ശതമാനം ഐസിയു ബെഡുകൾ കോവിഡ് ചികിത്സക്ക് മാറ്റിവെച്ചു. രോഗബാധ കുറയും വരെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെക്കണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ആവശ്യപ്പെട്ടു.

Share this story