കൊവിഡ് പ്രതിസന്ധി; സ്വമേധയാ കേസെടുത്തു; സുപ്രിം കോടതി കേന്ദ്രത്തിന് നോട്ടിസയച്ചു

കൊവിഡ് പ്രതിസന്ധി; സ്വമേധയാ കേസെടുത്തു; സുപ്രിം കോടതി കേന്ദ്രത്തിന് നോട്ടിസയച്ചു

കൊവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ കേസെടുത്ത് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി. ഓക്‌സിജന്‍, വാക്‌സിനേഷന്‍, അവശ്യമരുന്നുകളുടെ ലഭ്യത, ലോക്ക് ഡൗണ്‍ എന്നിവയില്‍ ദേശീയ നയം വ്യക്തമാക്കാനാണ് നിര്‍ദേശം. പ്രതിസന്ധി നേരിടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തയാറെടുപ്പുകള്‍ അറിയിക്കണം.

ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ കോടതിക്ക് കഴിയില്ലെന്നും ബെഞ്ച്. നാളെ തന്നെ കേന്ദ്രം നിലപാട് വ്യക്തമാക്കണം. പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയെ അമിക്കസ് ക്യൂരിയായും നിയമിച്ചു. വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രിംകോടതിയിലേക്ക് മാറ്റണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.

അതേസമയം ഇന്ത്യയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആദ്യമായി മൂന്ന് ലക്ഷത്തിന് മുകളില്‍ എത്തി. 314835 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 2104 കൊടടവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ ഇരുപതിനായിരത്തില്‍ മുകളിലാണ് പ്രതിദിന രോഗികള്‍. 12 സംസ്ഥാനങ്ങളില്‍ പതിനായിരത്തിനു മുകളിലാണ് കണക്ക്. ഡല്‍ഹി, മഹാരാഷ്ട്ര, മധ്യപ്രദേശ് ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം അതീവ രൂക്ഷമാണ്.

Share this story